-->
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളില്‍ ഒരാളാണ് കല്യാണി പ്രിയദര്‍ശന്‍. ക്യൂട്ട് കഥാപാത്രങ്ങള്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് കല്യാണി മുന്‍പ് പലതവണ തെളിയിച്ചിട്ടുണ്ട്. ഈ ഓണക്കാലം കല്യാണിക്ക് വലിയൊരു ഉത്സവപ്രതീതി തന്നെയാണ് നല്‍കുന്നത്. രണ്ടു വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങളാണ് കല്യാണിയുടേതായി ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ലോക - ചാപ്റ്റർ വണ്‍: ചന്ദ്ര’യും പക്കാ റൊമാന്റിക് കോമഡി ചിത്രമായ ‘ഓടും കുതിര ചാടും കുതിര’യുമാണ് രണ്ട് സിനിമകള്‍.
ഇപ്പോഴിതാ ഈ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് പിന്നണി ഗായിക സയനോര ഫിലിപ്പ്. കല്യാണി പ്രിയദർശന് ഈ രണ്ടു സിനിമകളിലും ശബ്ദം നല്‍കിയത് സയനോരയാണ്. ‘‘മിടുക്കിയായ കല്യാണി പ്രിയദർശനു വേണ്ടി ശബ്ദം നല്‍കി ഈ രണ്ട് അത്ഭുതകരമായ സിനിമകളുടെയും ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം...മുഴുവൻ ടീമിനും നന്ദി, ആശംസകൾ...നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു....’’ എന്നാണ് ചിത്രങ്ങളുടെ പോസ്റ്റര്‍ പങ്കിട്ട് സയനോര കുറിച്ചത്.
പിന്നണി ഗായിക, സംഗീത സംവിധായിക, അഭിനേത്രി എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന സയനോര അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കുന്നത് ഇതാദ്യമല്ല. ഹേയ് ജൂഡില്‍ തൃഷയ്ക്കും സ്റ്റാന്റ് അപ്പില്‍ നിമിഷ സജയനും സയനോരയുടെ ശബ്ദത്തിലൂടെയാണ് പ്രേക്ഷകര്‍ കേട്ടത്. കുട്ടൻപിള്ളയുടെ ശിവരാത്രി, ആഹാ എന്നീ ചിത്രങ്ങള്‍ക്ക് സയനോര സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വണ്ടർ വുമണ്‍, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും സയനോര തിളങ്ങിയിട്ടുണ്ട്.
‘ലോക- ചാപ്റ്റര്‍ വണ്ണിലെ കേന്ദ്ര കഥാപാത്രമായ ‘ചന്ദ്ര’യായി കല്യാണി കൈയടി നേടുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക. മോളിവുഡിന്റെ മാർവൽ എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ഈ ചിത്രം മേക്കിങിലൂടെ മറ്റൊരു ലോകം തന്നെയാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റാണ് ലോക നല്‍കുന്നതെന്നാണ് പ്രേക്ഷക അഭിപ്രായം. ചന്ദ്രയായി അസാമാന്യമായ പ്രകടനമാണ് കല്യാണി കാഴ്ചവച്ചത്. കല്യാണിയുടെ ആക്‌ഷൻ രംഗങ്ങളിലെ മെയ്‍വഴക്കം ആരാധകരെ അതിശയിപ്പിക്കുന്നുണ്ട്. സൂപ്പർ ഹീറോയുടെ മാസ്മരികതയ്‌ക്കൊപ്പം തന്നെ സ്ത്രീജന്യമായ വൈകാരിക ദൗർബല്യവും നിസ്സഹായതയും കല്യാണി ഭംഗിയായി അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
തമാശകൾ ഏറെയുള്ള പക്കാ റൊമാന്റിക് കോമഡി ചിത്രമാണ് ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ‘ഓടും കുതിര ചാടും കുതിര’. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും സംവിധായകനുമായ അൽത്താഫ് സലിമാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി റൊമാന്റിക് ജോണറിലുള്ള ഈ സിനിമയിലും കല്യാണിയുടെ പ്രകടനം കൈയടി നേടുന്നുണ്ട്.
തീര്‍ത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങള്‍ ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്നതാണ് ഒരു അഭിനേത്രി എന്ന നിലയില്‍ കല്യാണിക്ക് കിട്ടുന്ന ഏറ്റവും വലിയ ഓണസമ്മാനം.