-->
ശിവഗംഗ: തമിഴ്നാട്ടില്‍ ബിജെപി ജില്ലാ വാണിജ്യ വിഭാഗം അംഗത്തെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ശിവഗംഗ സ്വദേശിയായ സതീഷ്‌കുമാര്‍ കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് പിന്നിലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഘര്‍ഷമുണ്ടായ സമയത്ത് സതീഷ് കുമാറും പ്രതികളും മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചിലധികം പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കേസിലെ പ്രധാന പ്രതികള്‍ ഒളിവിലാണ്. ഇവരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ശിവഗംഗ പോലീസ് അറിയിച്ചു. രണ്ട് മാസത്തിനിടെ തമിഴ്നാട്ടില്‍ രണ്ടാമത്തെ ബിജെപി നേതാവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ജൂലൈ നാലിന്, ദിണ്ടിഗല്‍ ജില്ലയിലെ സനര്‍പട്ടിക്ക് സമീപം വെച്ച് രാജകപട്ടി സ്വദേശിയായ 39 വയസ്സുള്ള ബാലകൃഷ്ണന്‍ വെട്ടേറ്റ് മരിച്ചിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മോട്ടോര്‍ബൈക്കില്‍ എത്തിയ ഒരു സംഘം ആളുകള്‍ പരസ്യമായി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ആക്രമികള്‍ ഗുരുതരമായ പരിക്കുകള്‍ വരുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ബാലകൃഷ്ണന്റെ മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ദിണ്ടിഗല്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടായിരുന്നു. സതീഷ്‌കുമാറിന്റെ കൊലപാതക കാരണം പുറത്തുവന്നിട്ടില്ല.