-->
പമ്പയിൽ നടക്കാൻ പോകുന്ന അയ്യപ്പ സംഗമം സർക്കാരിന്റെ കപടമുഖത്തെ അനാവരണം ചെയ്യുന്നതാണെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ശബരിമല ക്ഷേത്രത്തിനു വേണ്ടി അയ്യപ്പഭക്തർക്കായി യാതൊന്നും ചെയ്യാത്ത സർക്കാർ ആണ് അയ്യപ്പഭക്ത സംഗമത്തിനു വേണ്ടി മുതിരുന്നത്.
ശബരിമലയുടെ വികസന കാര്യത്തെപ്പറ്റി നിരവധി കമ്മിറ്റി റിപ്പോർട്ടുകളും കമ്മീഷന്റെ പഠനങ്ങളും ഉണ്ട്. അതിനെക്കുറിച്ച് ഒന്നുമല്ല ചർച്ച ചെയ്യുന്നത് അയ്യപ്പ സംഗമം എന്ന വൈകാരിക വിഷയത്തെ ഉയർത്തിപ്പിടിച്ച് വോട്ട് തട്ടിപ്പ് നടത്തി അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് സിപിഎമ്മിന്റെ ശ്രമം, ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രധാനമാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അതൊരു സ്വതന്ത്ര പരമാധികാര സ്ഥാപനമാണ് അതിൽ യാതൊരുവിധ സർക്കാർ ഇടപെടലുകളും പാടില്ല, എവിടെ എല്ലാ കാര്യങ്ങളിലും മന്ത്രിയാണ് ഇടപെടുന്നത്.
അയ്യപ്പഭക്ത സമ്മേളനം വിശ്വാസികളുടെ കാര്യമാണ്, മതപരമായ കാര്യമാണ്. അതിൽ മതേതര സർക്കാരിന് ഇടപെടാൻ കഴിയില്ല. മന്ത്രിയാണ് തമിഴ്നാട്ടിൽ പോയി അതിഥികളെ ക്ഷണിക്കുന്നത്, മന്ത്രി തന്നെയാണ് വാർത്താസമ്മേളനം നടത്തി ഭക്തസംഗമത്തെ പറ്റി പറയുന്നത് ഇതെല്ലാം ഇടപെടലാണ്, മതേതര സർക്കാരിന്റെ ഇടപെടലാണ് ഇതെല്ലാം. അത് ശരിയല്ല, ഹൈന്ദവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ് . ദേവസ്വംബോർഡിനെ നോക്കുകുത്തിയാക്കി ശബരിമലയുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെട്ട് ശബരിമലയെ സർക്കാർ സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യം വെക്കുന്നത്. അതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്.
ആരാധനയുടെ ഭാഗമായാണ് സംഗമം നടത്തുന്നത് എങ്കിൽ അവിടെ സർക്കാരിനും മന്ത്രിക്കും എന്താണ് കാര്യം? അതിന് തന്ത്രിയും ഭക്തസംഘടനകളും ഗുരുസ്വാമിമാരും ഉണ്ട്. അതിനെയെല്ലാം മറികടന്ന് ഏകപക്ഷീയമായി അയ്യപ്പഭക്തസംഘം നടത്തുകയാണ്.
ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികൾ ഉണ്ട്, അതൊന്നും ചെയ്യാതെ തട്ടിക്കൂട്ടി ഇപ്പോൾ ഒരു സംഗമം നടത്തുന്നത് ദുരൂഹമാണ്:
കേന്ദ്രപദ്ധതികൾ പോലും നഷ്ടപ്പെടുത്തി കളയുന്നു, അയ്യപ്പന്മാർക്ക് വേണ്ടി ഒന്നും ചെയ്തു കൊടുക്കുന്നില്ല, ഭക്തരുടെ ദുരിതത്തിന് മറുപടി നൽകാതെ സർക്കാർ കഴിഞ്ഞ പത്തുവർഷമായി ശബരിമലയ്ക്ക് വേണ്ടി എന്താണ് ചെയ്തത്? പുതിയതായി ഒരു ശുചിമുറി പോലും നിർമ്മിച്ചിട്ടില്ല. ആരാധനയുടെ പേരിലാണ് ചെയ്യുന്നതെങ്കിൽ ആരാധനയും ആചാരങ്ങളും സംരക്ഷിക്കാൻ വലിയ പ്രക്ഷോഭം നടന്നിട്ടുണ്ട്, അക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് ഇപ്പോൾ എന്താണെന്ന് വ്യക്തമാക്കണം. ലിംഗസമത്വത്തിന്റെ പേരിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാം എന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം ഇപ്പോഴും സുപ്രീംകോടതിയിൽ ഉണ്ട്, അതിന്റെ കാര്യത്തിൽ എന്താണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കണം.
ഭക്തർക്കെതിരായ നിലപാടുകൾ സ്വീകരിച്ച സർക്കാരിന് ധാർമികമായി ഇത്തരം സമ്മേളനം സംഘടിപ്പിക്കാൻ അവകാശമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞ ആളുകളെന്തിനാണ് പമ്പയിൽ ഗണപതി കോവിലിനു മുൻപിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ആചാര സംരക്ഷണത്തിനായി പമ്പയിൽ എത്തിയ തന്ത്രി കുടുംബത്തിലെ തന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതു. അവരുടെ കണ്ണുനീർത്തുള്ളികൾ വീണ നനഞ്ഞ മണ്ണാണ് പമ്പ. ആരാധനയും ആചാരവും പറയുന്ന മുഖ്യമന്ത്രി, തന്ത്രി കുടുംബത്തിനെതിരെ എടുത്ത കേസിനെപ്പറ്റിയും വിശ്വാസികൾക്കെതിരെ എടുത്ത കേസിനെ പറ്റിയും ഒന്നും മിണ്ടാത്തത് എന്താണ്? പിണറായിയുടെ പോലീസുതന്നെയാണ് അറസ്റ്റ് ചെയ്തത്. ഈ വക കാര്യങ്ങളെല്ലാം നമുക്ക് മറന്നുകളയാം എന്നു പറഞ്ഞ് ഇപ്പോൾ ഒരു അയ്യപ്പസംഗമവുമായി വന്നാൽ ചെയ്ത തെറ്റിനെ വെള്ളപൂശാനാവില്ല. തെറ്റ് തെറ്റുതന്നെയാണ്, അതിന് പിണറായി സർക്കാർ ക്ഷമ പറയണം. അയ്യപ്പഭക്തരുടെ മുൻപിൽ മാപ്പ് പറയണം. CAA യ്ക്ക് എതിരായി നടന്ന പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിച്ച പിണറായിസർക്കാർ അയ്യപ്പഭക്തർക്കെതിരെ കേസുകൾ പിൻവലിച്ചിട്ടില്ല. ഇതിനുള്ളിൽ എല്ലാം ചില കള്ളക്കളികൾ ഉണ്ട്, അതെല്ലാം തുറന്നുകാണിക്കാൻ മാത്രമാണ് ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നത്. സത്യം സത്യമായി ജനങ്ങൾ അറിയണം, അതിനെ മൂടിവെച്ച് ജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപോകില്ല. സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ സംഗമം നടത്തുന്നതിന്റെ ധാർമികതയാണ് ബിജെപി ചോദ്യം ചെയ്യുന്നത്.