-->
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. നിശ്ചയിച്ച മുന്‍ പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരെത്തും. പരിപാടിയില്‍ സ്റ്റാലിന്‍ പങ്കെടുക്കുന്നതിന് എതിരേ ബിജെപി രംഗത്ത് വന്നിരുന്നു.
സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എം കെ സ്റ്റാലിനെ ദേവസ്വംവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. സ്റ്റാലിന്‍ വന്നാല്‍ തടയുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിന്ദുക്കളോടും അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളുവെന്നും കേരളത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സ്റ്റാലിനും മകന്‍ ഉദയനിധിയും മാപ്പുപറയണമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഐഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നത് നാടകവും ജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. 'അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
പമ്പാതീരത്ത് വെച്ചു നടത്തുന്ന അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.