Saturday, March 14, 2026 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 08.45 AM

‘മൂക്കില്ലാ രാജ്യത്തെ’ മുകേഷായി ഫഹദ്, തിലകനായി കല്യാണി; മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമഡി സീന്‍ റീക്രിയേറ്റ് ചെയ്ത് ഓടും കുതിര ചാടും കുതിര ടീം; പൊളിയെന്ന് കമന്റുകള്‍

ഓണം കളറാക്കാന്‍ തിയേറ്ററിലെത്തുന്ന ചിത്രമാണ് ഫഹദും കല്യാണിയും പ്രധാന വേഷത്തിലെത്തുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ഫണ്‍ എന്റര്‍ടെയ്നര്‍. ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് കോമഡി രംഗം റീക്രിയേറ്റ് ചെയ്യുകയാണ് ഓടും കുതിര ചാടും കുതിര ടീം.
Fahad Faasil, Kalyani Priyadarshan, Odum Kuthira Chadum Kuthira Movie
Odum kuthira chadum kuthira team recreate mookkilla rajyathu movie scene (Image Source: Instagram)

ഫഹദ് ചിത്രങ്ങള്‍ക്ക് വലിയ തോതില്‍ തന്നെ ആരാധകരെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ പ്രേക്ഷകരെ നേടാന്‍ കഴിഞ്ഞ താരം കൂടിയാണ് ഫഹദ്. അടുത്തകാലത്തായി സീരിയസ്സ് വേഷങ്ങളിലാണ് ഫഹദ് തിളങ്ങുന്നത്. എന്നാലതിനു വ്യത്യസ്തമായി ഓണം കളര്‍ഫുള്ളാക്കാന്‍ ഫണ്‍ എന്റര്‍ടെയ്നറായി എത്തുന്ന റോംകോം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചിരുന്നത്. തമാശകൾ ഏറെയുള്ള പക്കാ റൊമാന്റിക് കോമഡി ചിത്രമാണിതെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകന്‍ അല്‍ത്താഫും ഒരുമിച്ച് ചെയ്ത ഒരു കോമഡി രംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകരെ ഇന്നും കുടുകുടെ ചിരിപ്പിക്കുന്ന മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ കോമഡി രംഗമാണ് ഇവര്‍ റിക്രിയേറ്റ് ചെയ്തത്. തിലകന്‍,മുകേഷ്,സിദ്ദിഖ്, ജഗതി , കുതിരവട്ടം പപ്പു, രാജന്‍ പി ദേവ് എന്നിവര്‍ തകര്‍പ്പന്‍ കോമഡിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ഈ രംഗമാണ് ഫഹദും കല്യാണി പ്രിയദര്‍ശനും വിനയ് ഫോര്‍ട്ടും സുരേഷ് കൃഷ്ണയും സംവിധായകന്‍ അല്‍ത്താഫും ചേര്‍ന്ന് അടിപൊളിയാക്കിയത്. ‘‘ഓടും കുതിര ചാടും കുതിര വര്‍ക്ക് ഷോപ്പ് ഫൂട്ടേജ് ലീക്ക്ഡ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കല്യാണി പ്രിയദര്‍ശന്‍ അടക്കമുള്ള അഭിനേതാക്കള്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
തകര്‍പ്പന്‍ കമന്റുകളും പൊട്ടിച്ചിരികളും നല്‍കിയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ‘ഫഹദും കല്യാണിയും സുരേഷ് കൃഷ്ണയും വിനയ് ഫോര്‍ട്ടും അല്‍ത്താഫുമെല്ലാം നല്ല രസമായിട്ടുണ്ട്...,പുതിയ പ്രൊമോഷന്‍ ടെക്‌നിക് കൊള്ളാമല്ലോ...., ഈ വീഡിയോയിലേത് പോലെ രസകരമായ നിമിഷങ്ങള്‍ സിനിമയിലും പ്രതീക്ഷിക്കുന്നു....’ എന്നാണ് പലരും നല്‍കുന്ന കമന്റുകള്‍.

ഓഗസ്റ്റ് 29 നാണ് ഓടും കുതിര ചാടും കുതിര തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് സിനിമയുടെ ടീസറിനും ട്രെയിലറിനും പാട്ടുകള്‍ക്കും കിട്ടിയത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW