-->
എംഎല്‍എ ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണെന്ന് സാന്ദ്ര തോമസ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണെന്നും സാന്ദ്ര പറഞ്ഞു.
‘ഉമാ തോമസ് MLA ക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു . കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ MLA ക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് MLA യെ സൈബർ ഇടത്തിൽ അക്രമിക്കുന്നതിനെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു .
അവരുടെ പ്രസ്ഥാനം സൈബർ ഇടങ്ങളിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും , അതിൽ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവർ ആരെങ്കിലും പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനം അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം . സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണ് . അങ്ങനെ എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ് , അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ ’ സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ എംഎല്‍എ ഉമ തോമസ് ശക്തമായി പ്രതികരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ രൂക്ഷ സൈബര്‍ ആക്രമണമുണ്ടായത്.
പി.ടി തോമസ് മരിച്ചതുകൊണ്ടു മാത്രം എംഎല്‍എ ആയ ആളല്ലേ ഉമ തോമസ് എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അടിത്തട്ടില്‍ നിന്നു വളര്‍ന്നുവന്നതാണ് എന്നുമുളള തരത്തില്‍ ഉമ തോമസിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ജനാധിപത്യമുളള നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ എന്നായിരുന്നു സൈബര്‍ ആക്രമണങ്ങളോട് ഉമ തോമസിന്റെ പ്രതികരണം. തന്റെ പ്രസ്ഥാനം കൂടെ നില്‍ക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.