-->
മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പേരില്‍ വാക്പോരും വിവാദങ്ങളും ചര്‍ച്ചകളും നിറയാന്‍ തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി. മത്സരത്തിൽനിന്ന് നിര്‍മ്മാതാവായ സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ തുടങ്ങിയത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായി സാന്ദ്രാ തോമസ് നല്‍കിയ പത്രികയാണ് തള്ളിയത്. അതില്‍ മത്സരിക്കുന്നതിനു വേണ്ടി ഫ്രൈഡേ ഫിലിം ഹൗസിന്റെ പേര് സാന്ദ്ര പറഞ്ഞതോടെ പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ്.
ഇപ്പോഴിതാ സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു. ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെൻസർ എന്നും സാന്ദ്രക്ക് കഴിഞ്ഞ പത്തുവർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ലെന്നും അവർക്ക് എല്ലാവിധ ആശംസകളും നേരുന്നതായും വിജയ് ബാബു കുറിച്ചു.
‘‘ഒബ്ജെക്ഷൻ യുവർ ഓണർ, സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ സാധിക്കില്ല. അവർക്ക് അവരുടെ സ്ഥാപനത്തെ പ്രതിനിധീകരിക്കാനും അവർ മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കാനും മാത്രമേ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവർക്ക് എല്ലാ ആശംസകളും നേരുന്നു.
എന്റെ അറിവിൽ സെൻസർ ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവർ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചിരുന്നു. അവരുടെ ഓഹരിയോ അതിൽ കൂടുതലോ എടുത്ത ശേഷം (എല്ലാം കോടതി നോട്ടറി ചെയ്തതിന്‍ പ്രകാരം) 2016-ൽ അവര്‍ നിയമപരമായി രാജിവച്ചു. കഴിഞ്ഞ 10 വർഷമായി അവർക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല.
എന്തായാലും കോടതി തീരുമാനിക്കട്ടെ. തീരുമാനം മറിച്ചാണെങ്കിൽ, ഒരുപക്ഷേ അത് നമുക്കെല്ലാവർക്കും ഒരു പുതിയ അറിവായേക്കാം....’’ വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിജയ് ബാബുവിന്റെ പോസ്റ്റിന് സാന്ദ്രയും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. ‘‘ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം .
ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല . എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെന്സര്ഷിപ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ് . അതിനാൽ KFPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല . ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ് .
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും .
ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്...’’ എന്നാണ് സാന്ദ്രയുടെ കുറിപ്പ്.
ഈ മാസം ആദ്യമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കല്‍ ഉണ്ടായിരുന്നത്. ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നായിരുന്നു. സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്. തന്റെ പത്രിക തള്ളാന്‍ നീക്കം നടക്കുന്നു എന്ന് നേരത്തേ സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.
നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര പറഞ്ഞത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ കോടതിയെയും സമീപിച്ചിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാര്‍ട്നര്‍ ആയിരുന്ന സമയത്ത് ആ ബാനറില്‍ ഇറങ്ങിയ ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിലാണിപ്പോൾ വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്.