-->
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് അവതാരകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കൈയടി നേടിയ താരമാണ് രമേഷ് പിഷാരടി. തന്റെ മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന സംസാരമാണ് എന്നും രമേഷ് പിഷാരടിയുടെ ഏറ്റവും വലിയ സമ്പത്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് സിനിമയില്‍ വലിയൊരു സൗഹൃദവലയം തന്നെയുണ്ട്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പമുള്ള യാത്രാചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയോടും നല്ല അടുപ്പവും സൗഹൃദവുമുണ്ട് താരത്തിന്. മമ്മൂട്ടി വിശേഷങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളുമൊക്കെ പിഷാരടി പങ്കിടാറുമുണ്ട്. അടുത്തിടെ മലയാള സിനിമാലോകത്തെ ഒന്നടങ്കം പ്രയാസത്തിലാക്കിയ സംഭവമായിരുന്നു മമ്മൂട്ടിയുടെ രോഗാവസ്ഥ. എന്നാല്‍ എല്ലാവരുടെയും പ്രാർഥനകളുടെ ഫലമായി രോഗാവസ്ഥ മാറി മമ്മൂക്ക തിരിച്ചെത്തിയ വാര്‍ത്തയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പലരും പങ്കുവച്ചു.
ഇപ്പോഴിതാ വിശ്രമ സമയത്ത് മമ്മൂട്ടി തിരക്കിയിരുന്നത് ലോക - ചാപ്റ്റർ വണ്‍:ചന്ദ്രയെ കുറിച്ചാണ് തുറന്ന് പറയുകയാണ് രമേഷ് പിഷാരടി. അദ്ദേഹം തന്റെ വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളർച്ചയാണെന്നും ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങള്‍ അദ്ദേഹം ചോദിക്കുമായിരുന്നെന്നും പറയുകയാണ് പിഷാരടി.
‘‘സിനിമയുടെ ട്രെയ്ലർ കണ്ട് അത്ഭുതത്തോടെയാണ് നില്‍ക്കുന്നത്. ചാക്കോച്ചന്‍ പറഞ്ഞതു പോലെ ദുല്‍ഖറാണ് സിനിമയുടെ നിർമാണം. കോവിഡിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാതിരുന്നത് ഈ അടുത്ത കാലയളവിലാണ്. അദ്ദേഹത്തിന്റെ ആ വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളർച്ചയാണ്. ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങള്‍ അദ്ദേഹം ചോദിക്കുമായിരുന്നു.
നമുക്കിടയില്‍ നടക്കുന്ന ആളുകളെ കുറിച്ചും സ്വാഭാവിക കഥ എല്ലാം പറയാൻ പറ്റും. എന്നാല്‍ ഇത്രയധികം വിഷ്വലുകള്‍ കുമിഞ്ഞു കൂടുന്ന കാലഘട്ടത്തില്‍ എങ്ങനെയാണ് ഒരു പുതിയ കാഴ്ച ഉണ്ടാക്കുക, കഥ ഉണ്ടാക്കുക എന്നെല്ലാം എല്ലാവരും തല പുകഞ്ഞു ആലോച്ചിക്കുന്ന സമയത്ത് ശൂന്യതയില്‍ നിന്ന് തീർത്തും പുതിയൊരു കഥ ഉണ്ടാക്കിയ സംവിധായകൻ ഇതിന് പിന്നില്‍ പ്രവർത്തിച്ച എല്ലാവർക്കും വിജയം ആശംസിക്കുന്നു...’’ രമേഷ് പിഷാരടി പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ട്രെയ്ലർ ലോഞ്ചിലാണ് രമേഷ് പിഷാരടി ഇക്കാര്യം പറഞ്ഞത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക - ചാപ്റ്റർ വൺ:ചന്ദ്ര ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ആഗോള തലത്തില്‍ എത്തുന്നത്. പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ഇക്കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന ഫീല്‍ ട്രെയ്‌ലർ നൽകുന്നുണ്ട്. ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന.
നേരത്തെ പുറത്തു വന്ന ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
സൂപ്പർഹീറോ ആയ ‘ചന്ദ്ര’യായി കല്യാണിയും, ‘സണ്ണി’യായി നസ്ലെനും, ഇന്‍സ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും, ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിലുണ്ട്. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ഇവര്‍ക്കൊപ്പം ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.