-->
കെയ്ൻസ്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 276 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ അശ്വാസജയം നേടി. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 24.5 ഓവറില്‍ 155 റണ്‍സിന് ഓള്‍ ഔട്ടായി.
ഏയ്ഡന്‍ മാര്‍ക്രം(2), റിയാന്‍ റിക്കിള്‍ടണ്‍(11), ക്യാപ്റ്റൻ ടെംബാ ബാവുമ(19), ട്രിസ്റ്റൻ സ്റ്റബസ്(1), വിയാന്‍ മുള്‍ഡര്‍(5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓസീസിനായി കൂപ്പര്‍ കൊണോലി 22 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത് പ്രോട്ടീസിന് തകര്‍ത്തത്. ഡെവാള്‍ഡ് ബ്രെവിസും 30 പന്തില്‍ 33 റണ്‍സടിച്ച ടോണി ഡി സോര്‍സിയും മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്.
അതേസമയം 17 ഫോറും അഞ്ച സിക്‌സറുമടിച്ച് 103 പന്തിൽ നിന്നും 142 റൺസാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. മിച്ചൽ മാർഷ് 106 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമുൾപ്പടെ 100 റൺസ് സ്വന്തമാക്കി. ഇവർക്ക് പുറമെ മൂന്നാമതായെത്തിയ കാമറൂൺ ഗ്രീൻ ആക്രമം അഴിച്ചുവിടുകയായിരുന്നു. 47 പന്തിൽ നിന്നും 200ന് മുകളിൽ പ്രഹശേഷിയിലാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നിങ്‌സ് അവസാനിച്ചപ്പോൾ 55 പന്തിൽ നിന്നും 118 റൺസോട് കൂടി ഗ്രീൻ പുറത്താകാതെ നിന്നു. ആറ് ഫോറും എട്ട് സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. അലക്‌സ് കാരി 37 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു. 10 വർഷത്തിന് ശേഷം ആദ്യമായാണ് ഓസീസ് ഏകദിനത്തിൽ 400 കടക്കുന്നത്.
2006ല്‍ ജൊഹാനസ്ബര്‍ഗില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് സ്കോര്‍ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ച് ചരിത്രം സൃഷ്ടിച്ചതുപോലെ ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ഓസീസ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.ദക്ഷിണാഫ്രിക്കയുടെ ഏകദിന ചരിത്രത്തിൽ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വിയാണിത്. 2023ല്‍ ഇന്ത്യക്കെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 243 റണ്‍സിന് തോറ്റതായിരുന്നു റൺസുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഏറ്റവും വലിയ തോല്‍വി. ജയിച്ചെങ്കിലും അവസാന അഞ്ച് ഏകദിന പരമ്പരകളിലും ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടാനായില്ലെന്ന റെക്കോര്‍ഡ് തിരുത്താൻ ഓസ്ട്രേലിയക്ക് ഇത്തവണയുമായില്ല.