-->
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ച ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ഥിയുമായിരുന്ന ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാറാണ് പരാതി നല്‍കിയത്. ക്ഷേത്ര തീര്‍ത്ഥാടനക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.
നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതാണ്. പുണ്യസ്ഥലത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന തീര്‍ത്ഥക്കുളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ജാസ്മിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്ന് ചിത്രഐകരിച്ച റീല്‍ പങ്കുവെച്ചത്. ഇതില്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ കാല്‍ കഴുകുന്ന ഭാഗവുമുണ്ട്. ഇത് ചര്‍ച്ചയായതോടെ അവര്‍ റീല്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.