-->
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. ആ സൗഹൃദം തുടരുകയാണ് ഇരുവരും.
ഒരു അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ഗബ്രി ഇപ്പോൾ. ഇന്നലെയായിരുന്നു ഗബ്രിയുടെ ജന്മദിനം. ഗബ്രിയ്ക്ക് ജന്മദിനാശംസകൾ നേരാൻ സമ്മാനങ്ങളുമായി എത്തിയ ജാസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
കഴിഞ്ഞ ദിവസമാണ്, വലിയൊരു അപകടത്തെ തുടർന്ന് ചികിത്സയിലാണ് താനെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഏവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഗബ്രി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
"നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ഓരോ ചുവടിലും നിനക്ക് കരുത്തുണ്ടാകട്ടെ. എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് ഓർക്കുക," ഗബ്രിയ്ക്ക് ആശംസകൾ നേർന്ന് ജാസ്മിൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
ജനുവരി 26-നാണ് ഗബ്രിയ്ക്ക് ഒരു അപകടമുണ്ടായത്. അതിനു ശേഷം ചികിത്സയിലും വിശ്രമത്തിലും തുടരുകയാണ് ഗബ്രി. ജീവിതത്തിലെ വളരെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ഏവരുടെയും പ്രാർത്ഥനകൾ വേണമെന്നുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗബ്രി കുറിച്ചത്.