-->
പാറ്റ്‌ന: വോട്ടര്‍പട്ടിക വിവാദത്തിനിടയില്‍ 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം പോകുന്ന പുതിയ ബില്ലിനെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറില്‍ ഗയയില്‍ നടന്ന പരിപാടിയിലാണ് മന്ത്രിമാരെ പുറത്താക്കാനുള്ള നിയമം ഉയര്‍ത്തി നരേന്ദ്രമോദി രംഗത്ത് വന്നത്. നിയമം വന്നാല്‍ പ്രതിപക്ഷത്തിന്റെ ഒരു കളിയും നടക്കില്ലെന്നും അഴിമതിക്കാരെല്ലാം അകത്തുപോകുമെന്നും പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ഉയര്‍ത്തിയ വോട്ടര്‍മോഷണ വിവാദത്തില്‍ ഒരക്ഷരം പ്രതികരിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. നിയമം വന്നാല്‍ അഴിമതിക്കാര്‍ ജയിലിലാകുന്ന ബില്ലാണ് അമിത്ഷാ കൊണ്ടുവന്നത്. ബില്‍ പാസ്സായാല്‍ അഴിമതി നടത്തുന്നവര്‍ ജയിലില്‍ പോകും. അവരുടെ കസേരയും പോകും. മന്ത്രിമാര്‍ ജയിലില്‍ ഇരുന്നുകൊണ്ട് ഫയല്‍ നോക്കിയാല്‍ എങ്ങിനെ അഴിമതി തടയുമെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസും തൃണമൂലും സിപിഎമ്മും ഇതിനെ എതിര്‍ക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ജാമ്യത്തില്‍ പുറത്തുനടക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന നിയമത്തെ ഇവരാണ് എതിര്‍ക്കുന്നെന്നും നിയമം വന്നാല്‍ ഇവരില്‍ പലരും ജയിലില്‍ പോകുമെന്നും പറഞ്ഞു.
എന്നാല്‍ വോട്ടുമോഷണ ആരോപണം ഉയര്‍ത്തി രാഹുല്‍ഗാന്ധി 'വോട്ടര്‍ അധികാര്‍ യാത്ര' ബീഹാറില്‍ നടത്തുമ്പോഴാണ് മോദി ബിജെപിയുെട പരിപാടിയില്‍ ഗയയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വോട്ട്‌മോഷണ വിവാദം പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ഗാന്ധിയും നരേന്ദ്രമോദിയും പ്രചരണവുമായി എത്തുന്നത്.