-->
തിരുവനന്തപുരം: ആരോപണം ഉയര്‍ന്ന സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ യുവനേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയേക്കാന്‍ സാധ്യത. ഹൈക്കമാന്റ് ഇക്കാര്യത്തില്‍ കെപിസിസിയ്ക്ക് നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. തൃശൂരില്‍ നാളെ ലോംഗ് മാര്‍ച്ച് അടക്കമുള്ള യൂത്ത്‌കോണ്‍ഗ്രസ് പരിപാടി നടക്കാനിരിക്കെയാണ് ആരോപണം ഉയര്‍ന്നത്.
ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടിയിരുന്നത് രാഹുല്‍ ആയിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാഹുല്‍ മാറി നില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ വനിതാനേതാക്കള്‍ അടക്കമുള്ളവര്‍ നിലപാട് എടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. നേരത്തേ യൂത്ത്‌കോണ്‍ നേതൃത്വത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഹുലിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ പലരും രാഹുല്‍ രാജി വെയ്ക്കണമെന്ന ആവശ്യം പരസ്യമായി പറഞ്ഞുകഴിഞ്ഞതായിട്ടാണ് വിവരം. പരസ്യമായി ആരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി നേതാക്കളോട് പറഞ്ഞുകഴിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലും രാഹുല്‍ മാറണമെന്ന അഭിപ്രായമുള്ളവര്‍ ഏറെയാണ്.
എംഎല്‍എ ആയതിന് ശേഷം രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതായുള്ള വിലയിരുത്തലുകള്‍ നേരത്തേ തന്നെയുണ്ടായിരുന്നു. അദ്ദേഹം സര്‍ക്കാരിനെതിരേയുള്ള പാര്‍ട്ടി സമരങ്ങളിലോ പരിപാടികളിലോ സജീവമാകുന്നില്ലെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാഹുല്‍മൂലം പാര്‍ട്ടി പ്രതിരോധത്തിലാകേണ്ട സ്ഥിതിയും വന്നിരിക്കുന്നത്. വിവാദത്തിന് കൃത്യമായി മറുപടി നല്‍കാന്‍ രാഹുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്തു നില്‍ക്കേ വിവാദം പാര്‍ട്ടിയെ വെട്ടിലാക്കുകയും തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.
ഇത് വലിയ വിവാദമാകുമെന്ന് നേരത്തേ തന്നെ കുഴപ്പമാകുമെന്ന് പല നേതാക്കള്‍ക്കും അറിയാമായിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചു. ഇപ്പോള്‍ രാഹുലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയുമാണ്.