-->
തിരുവനന്തപുരം: വീട്ടമ്മയെ കെട്ടിയിട്ട് രണ്ടു പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച സംഭവത്തില്‍ മോഷ്ടാവ് പിടിയില്‍. ഉള്ളൂരിലെ ആക്കുളത്ത് പ്രശാന്ത് നഗറില്‍ നടന്ന മോഷണത്തില്‍ ഉള്ളൂര്‍ സ്വദേശിയായ മധു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. കുറ്റം ഇയാള്‍ സമ്മതിച്ചതോടെ തെളിവെടുപ്പിനായി കൊണ്ടുവരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഉള്ളൂരിലെ ആക്കുളത്ത് പ്രശാന്ത് നഗറിലെ മൂന്ന് നില കെട്ടിടത്തില്‍ രണ്ടാം നിലയില്‍ താമസിക്കുന്ന ഉഷാകുമാരി എന്ന സ്ത്രീയെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനാണ് മധു. കഴിഞ്ഞദിവസം കെട്ടിടത്തിന്റെ പിന്നിലൂടെ കയറി രണ്ടാം നിലയില്‍ താമസിക്കുന്ന ഉഷാകുമാരിയുടെ മുറിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ട ശേഷം ഇവരുടെ കൈകളിലും കഴുത്തിലും കിടന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു.
ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആളുടെ മുഖം കാണാനായിരുന്നില്ല. ഒന്നരപവന്റെ മാലയും അരപവന്റെ മോതിരവും വീട്ടിലെ പഴ്‌സില്‍ നിന്നും നൂറുരൂപയുമായിരുന്നു മോഷ്ടിച്ചത്. പിന്നിലെ വഴിയിലൂടെയായിരുന്നു ഉഷയുടെ മുറിയിലേക്ക് കടന്നത്. അലമാരയില്‍ വിലപ്പെട്ട മറ്റു വസ്തുക്കള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. ഉള്ളൂര്‍ സ്വദേശിയായ മധു എട്ടുമാസമായി ബേക്കറിയില്‍ ജീവനക്കാരനാണ്. ഈ കെട്ടിടത്തില്‍ ഉഷാകുമാരി വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. മോഷണം നടന്നയുടന്‍ ഇവര്‍ വീട്ടുടമയെ വിളിച്ചുവരുത്തുകയും പച്ച ഷര്‍ട്ടും മുണ്ടും ഉടുത്ത അധികം ഉയരമില്ലാത്തയാളാണ് മോഷ്ടാവെന്നും ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് മധുവാണ് മോഷ്ടാവെന്ന് കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്നു മോഷണം. സ്വര്‍ണ്ണം പിന്നീട് ചാലയില്‍ കൊണ്ടുപോയി 1,25000 രൂപയ്ക്ക് വിറ്റതായി പോലീസ് കണ്ടെത്തി. സ്വര്‍ണ്ണം കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ പോലീസ് തെളിവടക്കം ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പരിക്കേറ്റ ഉഷാകുമാരിയെ മകള്‍ വന്നു വീട്ടിലേക്ക് കൊണ്ടുപോയി. ഉഷാകുമാരിക്ക് പരിക്കേറ്റു. മെഡിക്കല്‍ കോളേജ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നു.