Friday, March 13, 2026 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 02.37 PM

"കുറേപേർക്ക് താത്പര്യമുണ്ട്, ചിലർക്ക് താത്പര്യക്കുറവും; ബിസിനസിനെ ബാധിക്കുന്നു എന്നും ചിലർ പറഞ്ഞു; അതോടെ നിർത്തി..." മലയാള സിനിമയുടെ കളക്ഷൻ റിപ്പോർട്ട്‌ പുറത്തു വിടുന്നത് നിർത്തിയതിനെപ്പറ്റി ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കഴിഞ്ഞ കുറച്ചു നാളുകളായി നിർത്തിയിരുന്നു. ഇപ്പോഴിതാ അതിനു മറുപടി നൽകുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
Listin Stephen
Listin Stephen about collection report of cinema

മലയാള സിനിമ കോടി ക്ലബ്ബുകളിൽ കയറി തുടങ്ങിയതോടെ അതിന്റെ കളക്ഷൻ റിപ്പോർട്ടുകളും വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങി. ഫാൻസ്‌ അസോസിയേഷൻ തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമകൾ കളക്ഷൻ റെക്കോർഡ് ഭേദിച്ചു എന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ അത് എതിർക്കും.
എങ്കിലും മാസം തോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അതു നിര്‍ത്തിയിട്ടുണ്ട്. സിനിമകളുടെ ഒടിടി ബിസിനസിനെ അടക്കം ബാധിക്കുന്ന വിഷയമായി മാറിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയത്. പക്ഷേ അതിന്റെ യഥാർത്ഥ കാരണം എന്താണ് എന്ന് കൃത്യമായ മറുപടി അസോസിയേഷന്‍ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന നിര്‍ത്തി എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍.
കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും അതിനാലാണ് കഴിഞ്ഞ കമ്മിറ്റി തന്നെ അത് അവസാനിപ്പിച്ചതെന്നും മാര്‍ച്ച്‌ മുതല്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നുവെന്നും ലിസ്റ്റിൻ പറഞ്ഞു.
"കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്. കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ചോദ്യം വന്നപ്പോള്‍ അത് നിര്‍ത്തി.
നിര്‍മാതാവിന് വ്യക്തിപരമായി നടക്കുന്ന ബിസിനസുകളെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. തീയേറ്റര്‍ കണക്കുകള്‍ മാത്രമാണ് പറഞ്ഞത്. മുഴുവന്‍ കളക്ഷന്‍ എന്തുകൊണ്ട് പറയുന്നില്ല എന്നൊക്കെ ചോദ്യം വന്നിരുന്നു. ചില നിര്‍മാതാക്കള്‍ എത്ര വന്നെന്ന് പറയണമെന്നില്ല.
താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടല്ലോ എന്ന് കരുതിയാണ് നിര്‍ത്തിയത്. ബിസിനസിനെ ബാധിക്കുന്നുണ്ടെന്ന് ചില നിര്‍മാതാക്കള്‍ പറഞ്ഞു. ബിസിനസ് നടക്കാത്ത സിനിമകളുടെ കളക്ഷന്‍ പുറത്തുവരുമ്പോൾ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ത്തിയത്..." ലിസ്റ്റിൻ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ സിനിമകള്‍ തീയേറ്ററുകളില്‍നിന്ന് നേടുന്ന കളക്ഷന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത് ആന്റോ ജോസഫ് പ്രസിഡന്റും ബി. രാകേഷ് സെക്രട്ടറിയുമായ കമ്മിറ്റിയാണ്. ഇതിനെതിരേ പല നിര്‍മാതാക്കളും രംഗത്തെത്തി. ഇങ്ങനെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചെറിയ സിനിമകളുടെ ഒടിടി- സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ വാദം. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ച കമ്മിറ്റിയില്‍ ട്രഷറര്‍ ആയിരുന്നു ലിസ്റ്റിന്‍. പുതിയ കമ്മിറ്റിയില്‍ രാകേഷാണ് പ്രെസിഡന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW