-->
കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാത്തതു കൊണ്ട് സിനിമയില്‍ നിന്ന് ദീര്‍ഘകാലം വിട്ടു നിന്ന താരമാണ് ഫഹദ് ഫാസില്‍. പക്ഷേ പിന്നീടുള്ള തിരിച്ചുവരവില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് ഫഹദ് പ്രേക്ഷകമനസ്സിലിടം നേടി. ഒരിക്കല്‍ മലയാളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്ന ഫഹദ് ഫാസില്‍ ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ഫഹദ് പ്രേക്ഷകരുടെ സ്വന്തം ഫഫ ആയി മാറിയത്.
അടുത്തിടെ താരം ബാഴ്‌സലോണയില്‍ ഊബർ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും തനിക്കില്ലെന്നും ഊബർ ഡ്രൈവർ എന്ന ജോലിയില്‍ കൂടുതല്‍ ആനന്ദം കണ്ടെത്തുന്നതായും താരം പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ, എന്തുകൊണ്ട് ബാഴ്‌സലോണയില്‍ തന്നെ എന്ന ചോദ്യത്തിന് താരമിപ്പോള്‍ മറുപടി നല്‍കുകയാണ്. ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ അല്‍ത്താഫ് സലിമിനൊപ്പം പേളി മാണിക്കു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
‘‘ഇതുവരെ ചെയ്യാത്തതും എന്നാല്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതുമായ ഒരു കാര്യം എന്താണ്?...’’ എന്ന പേളിയുടെ ചോദ്യത്തിന് മറുപടിയായാണ് താരം ബാഴ്‌സലോണ സ്വപ്നം പങ്കുവെച്ചത്.
‘‘കുറേ ആഗ്രഹങ്ങളുണ്ട്, അതിലൊന്നാണ് ബാഴ്‌സലോണയില്‍ ഊബർ ഡ്രൈവർ ആവുക എന്നത്. ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നത് നല്ല കാര്യമല്ലേ?...’’ ഫഹദ് പറഞ്ഞു.
‘‘ഇവിടെ കൊച്ചിയില്‍ എന്തുകൊണ്ട് ആയിക്കൂടാ?’’ എന്ന പേളിയുടെ ചോദ്യത്തിനും താരം രസകരമായി മറുപടി കൊടുത്തു. ‘‘ഇവിടുത്തെ ട്രാഫിക് വളരെ കൂടുതലാണ്. ബാഴ്‌സലോണയിലെ റോഡുകള്‍ ഇതിനേക്കാള്‍ മികച്ചതാണെന്നും അവിടുത്തെ ട്രാഫിക് നിയന്ത്രിക്കാൻ എളുപ്പമാണ്...’’ ഫഹദ് പറഞ്ഞു.