-->
കഴിഞ്ഞ ദിവസമായിരുന്നു നടൻ കലാഭവൻ നവാസിന്റെ മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം. പെട്ടെന്നുള്ള മരണം നവാസിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും നവാസിനെ സ്നേഹിക്കുന്ന പ്രേക്ഷകരെയും ഞെട്ടിച്ചു. നവാസിനെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. ഏവർക്കും വിഷമം നവാസിന്റെ ഭാര്യ രഹ്നയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. ഭർത്താവിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന രഹ്നയ്ക്ക് വലിയ ആഘാതമാണ് ഈ മരണം.
ആശ്വസിപ്പിക്കാൻ പോകുന്ന പല സഹപ്രവർത്തകരും രഹ്നയെ കണ്ട് കണ്ണീരോടെയാണ് മടങ്ങുന്നത്. രഹ്നയെക്കുറിച്ചും കലാഭവൻ നവാസിനെക്കുറിച്ചും സംസാരിക്കുകയാണ് നടി തെസ്നി ഖാനിപ്പോൾ. വെറെെറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
നല്ലൊരു കലാകാരനാണ്, പക്ഷെ അവനെ വേണ്ട വിധത്തിൽ സിനിമ ഉപയോഗിച്ചിട്ടില്ലെന്ന് മാത്രം. ഓരോരുത്തർ മരിച്ച് കഴിയുമ്പോഴാണ് അത് മനസിലാകുന്നത്. അങ്ങനെ കുറേ പേരുണ്ട്. ചിലപ്പോൾ ഓരോരുത്തരുടെയും ഭാഗ്യവും സമയവുമാകും. ചിലപ്പോൾ ഒട്ടും അഭിനയിക്കാൻ അറിയാത്തവരായിരിക്കും രക്ഷപ്പെട്ട് പോകുന്നത്.
സിനിമ എന്ന് പറയുന്നത് ഭയങ്കര ലക്കാണ്. ഇത്ര വർഷമായിട്ടും ഞാൻ വലുതായി വന്നിട്ടില്ല. പക്ഷെ ഇത്രയൊക്കെ എത്തിയല്ലോ എന്നാണ് ഞാൻ വിചാരിക്കുന്നത്. രഹ്നയ്ക്ക് അത്രയും സ്നേഹമാണ് നവാസിനോട്. ആ സ്നേഹത്തിന് കണ്ണ് തട്ടിയതായിരിക്കും. പടച്ചവൻ ആ കുട്ടിക്ക് ജീവിക്കാനുള്ള കരുത്ത് കൊടുക്കട്ടെ. നവാസിക്ക ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് അവൾ പറഞ്ഞാലും പടച്ചവൻ ജീവിക്കാനുള്ള കരുത്ത് കൊടുക്കണം. ജീവിച്ച് കാണിച്ച് കൊടുക്കണം. ആ മൂന്ന് പിള്ളേരെ ഓരോ നിലയിൽ എത്തിക്കണം. കാരണം പറക്കമുറ്റാത്ത കുട്ടികളാണ്.
ഒന്ന് പോയി രഹ്നയെ കാണണം. അന്ന് കുറച്ച് സമയം രഹ്നയെ കണ്ടപ്പോൾ തന്നെ എന്റെ നിയന്ത്രണം പോയി. ഓരോരുത്തരെയും കാണുമ്പോൾ പിന്നെയും പിന്നെയും പൊട്ടിക്കരയില്ലേ. ആ കരച്ചിൽ കാണാതിരിക്കാൻ ഞാൻ ഫേസ് ചെയ്തില്ല. ഇനിയൊന്ന് പോയി കണ്ട് സമാധാനിപ്പിക്കണം. ജീവിക്ക്, മുമ്പോട്ട് വാ എന്ന് പറഞ്ഞ് കൊടുക്കണം. അതായിരിക്കും കബറിൽ കിടക്കുന്ന നവാസിന്റെ സന്തോഷം എന്നും തെസ്നി ഖാൻ പറഞ്ഞു.