-->
ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ നൽകുന്ന പുരസ്കാരമാണ് ‘ബാലൺ ഡി’ഓർ’. ഈ വർഷത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ മുപ്പത് താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഏറ്റവും അധികം തവണ (8) ബാലൺ ഡി’ഓർ ജേതാവായ ഇതിഹാസ താരം ലയണൽ മെസ്സിക്കും,തൊട്ട് പിന്നാലെയുള്ള (5) ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത്തവണയും പട്ടികയിൽ ഇടംപിടിക്കാനായില്ല. സെപ്റ്റംബർ 22 ന് പാരിസിൽ വച്ചാണ് ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.
ഔസ്മാൻ ഡെംബെലെ, കോൾ പാമർ, കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിങ്ഹാം, മുഹമ്മദ് സലാഹ്, എർലിങ് ഹാലൻഡ്, വിനീഷ്യസ് ജൂനിയർ, ഹാരി കെയ്ൻ, ലമിൻ യമാൽ, അഷ്റഫ് ഹക്കീമി, ജിയാൻലുയിജി ഡൊണാറുമ്മ എന്നിവർ അടങ്ങുന്നതാണ് മുപ്പത് അംഗ പട്ടിക. ബാലൺ ഡി’ഓർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലമിൻ യമാൽ. ഈ പട്ടികയിലെ ഒൻപത് താരങ്ങൾ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് എന്നിവ നേടിയ പിഎസ്ജി ക്ലബ് ലോക കപ്പിൽ ഫൈനലിലും എത്തിയിരുന്നു.