-->
കൊച്ചി: ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹര്‍ജി കിട്ടിയ ശേഷം പോലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടര്‍നടപടികള്‍ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ പോലീസും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശേത്വാ മേനോന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അശ്ളീലസിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. ഐടി നിയമത്തിലെ 67, അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു കേസെടുത്തത്. സിജെഎം കോടതിയാണ് ശ്വേതയ്ക്ക് എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.
അതേസമയം ശ്വേതാമേനോനെതിരേ ഉയര്‍ന്നിരിക്കുന്ന കേസ് അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗൂഡാലോചനകളുടെ ഭാഗമാണെന്നും ഈ അധികാര വടംവലിയില്‍ ബലിയാടാകുന്നത് രണ്ടു സ്ത്രീകളാണെന്നും നേരത്തേ മാലാപാര്‍വ്വതി പ്രതികരിച്ചിരുന്നു.