-->
സഹനടനായി തുടങ്ങി നായകനിരയിലേക്ക് ഉയര്‍ന്ന് പ്രേക്ഷകരുടെ ഇഷ്ടവും കൈയടിയും ഏറെ നേടിയിട്ടുള്ള താരമാണ് ആസിഫ് അലി. എന്നാല്‍ പലപ്പോഴും താരത്തെക്കുറിച്ച് കേട്ടിട്ടുള്ള ഒരു പരാതി ഫോണെടുക്കാറില്ല എന്നുള്ളത്. താന്‍ ഫോണെടുക്കാത്ത ആളാണെന്ന് ആസിഫ് അലി തന്നെ മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഫോണെടുക്കാത്തത് കാരണം പല ബുദ്ധിമുട്ടുകളും ജീവിതത്തില്‍ ഉണ്ടായതായും താരം വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഫോണെടുക്കാത്ത ആസിഫ് അത്യാവശ്യത്തിനായി തന്നെ വിളിച്ച കഥ പറയുകയാണ് സംവിധായകനും നടനുമായ ലാല്‍. രാത്രി രണ്ട് മണിയായപ്പോള്‍ ആസിഫ് വിളിച്ചെന്നും ഉമ്മാക്ക് സുഖമില്ല സണ്‍റൈസ് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞെന്നും പറയുകയാണ് ലാല്‍.
‘‘ശല്യപ്പെടുത്തുന്ന കോളുകള്‍ വന്നിട്ടില്ല. ഞാൻ രാത്രി കിടക്കുമ്ബോള്‍ ഫോണ്‍ സൈലന്റ് ആക്കുന്ന ആളല്ല. അറിയാത്ത നമ്പർ കണ്ടാല്‍ എടുക്കാതിരിക്കുന്ന ആളുമല്ല. ആരാണ് എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ ചിലർ അത്യാവശ്യത്തിന് വിളിക്കുമല്ലോ. ആസിഫ് അലിക്കൊരു സ്വഭാവം ഉണ്ടായിരുന്നു ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. നമ്മള്‍ വിളിച്ചാലും എടുക്കില്ല, സൈലന്റാക്കി ഫോണ്‍ അവിടെ വെക്കും. ഒരിക്കല്‍ രാത്രി രണ്ട് മണിയായപ്പോള്‍ ആസിഫ് ഇലി എന്നെ വിളിച്ചു. ഉമ്മാക്ക് സുഖമില്ല സണ്‍റൈസ് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞു. ഞാൻ വേഗം ആശുപത്രിയില്‍ വിളിച്ചു കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത് കൊടുത്തു.
പിറ്റേന്ന് രാവിലെ ഞാൻ അവളെ വിളിച്ചു. കണ്ടോ ഇതുപോലൊരു ആവശ്യത്തിന് ഞാൻ നിന്നെ വിളിച്ചാല്‍ നിന്നെയെനിക്ക് കിട്ടില്ല. നീ സൈലന്റ് ആക്കിയിടും എന്ന് പറഞ്ഞു. പരസ്പരം സഹായിക്കാനായി ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്. നമ്മുടെ ഏറ്റവും അടുത്ത ആള് വിളിക്കുമ്പോഴും എടുക്കാതിരുന്നാല്‍ മോശമല്ലേ. എന്തായാലും ഇതിന് ശേഷം അവന്റെ സ്വഭാവത്തില്‍ മാറ്റം വന്നു എന്നാണ് തോന്നുന്നത്. ബുദ്ധിമുട്ടിക്കാൻ വേണ്ടിയായിരിക്കില്ല പലരും വിളിക്കുന്നത്. എന്തായാലും മോശപ്പെട്ട കാര്യത്തിന് ആരും വിളിക്കാറില്ല. ഒരാള്‍ ഉണ്ട്, സ്ഥിരമായി വിളിക്കും, പൊള്ളയായ വിളിയാണ്. എന്റെയൊരു കൂട്ടുകാരനുണ്ട്, അവന് കൊടുക്കാം എന്നൊക്കെ പറഞ്ഞ് ആളാവും.
ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോള്‍ ഞാൻ വേസ്റ്റ് എന്ന് പറഞ്ഞ് സേവ് ചെയ്തു. പിന്നെ ഞാൻ എടുക്കാറില്ല.ഒരു തവണ ഇയാള്‍ ലൊക്കേഷനില്‍ വന്നു. സാറിനെ ഇപ്പോള്‍ വിളിക്കുമ്പോള്‍ എടുക്കാറില്ലല്ലോയെന്ന് പറഞ്ഞു. ഞാൻ ആണോ ശരിയാക്കാമെന്നൊക്കെ പറഞ്ഞു, പെട്ടെന്ന് അയാള്‍ വീണ്ടും ഫോണിലേക്ക് വിളിച്ചപ്പോള്‍ അയാളുടെ പേര് വേസ്റ്റ് എന്ന് എഴുതിയത് കണ്ടു. ആകെ നാറ്റക്കേസായി. പക്ഷെ ഇപ്പോഴും അയാള്‍ വിളിക്കാറുണ്ട്...’’ ലാല്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇത് പറഞ്ഞത്.
അഭിനയ ജീവിതത്തില്‍ താൻ പതറിപ്പോയ സംഭവത്തെ കുറിച്ചും ലാല്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. കന്മദം എന്ന സിനിമയെക്കുറിച്ചാണ് ലാല്‍ പറഞ്ഞത്. ‘‘അഭിനയിക്കുമ്പോള്‍ പതറിപ്പോയ സന്ദർഭം ഉണ്ടായിട്ടുണ്ട്. അവിടെ നിന്നാണ് ഞാൻ പാഠം പഠിച്ചത്. കന്മദം എന്ന സിനിമയില്‍ ഞാനും മഞ്ജു വാര്യരുമുള്ള സീനില്‍ അവർ കഥാപാത്രമായി മാറുന്നത് കണ്ട് വിറച്ച് പോയിട്ടുണ്ട് ഞാൻ. കാരണം നമ്മക്ക് അവിടെ എത്താൻ പറ്റില്ല, അവർ എന്തൊരു ആർട്ടിസ്റ്റാണ് എന്ന് തോന്നിയിട്ടുണ്ട്.
അതിന്റെ തലേദിവസം ലാലുമായി ഞാൻ അഭിനയിച്ചിരുന്നു. ഒരുപക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം മറ്റൊന്നും തോന്നിയില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ അന്ന് തീരുമാനിച്ചു, നമ്മള്‍ വല്ലാതെ വിട്ടുകൊടുക്കാൻ പാടില്ല. മഞ്ജു വാര്യരുമായുള്ള എന്റെ സീനില്‍ എന്റെ പെർഫോമൻസ് വീക്കായതും കാണാം. പക്ഷെ അങ്ങനെ പേടിച്ചാല്‍ ശരിയാവില്ലെന്ന് അന്ന് ഞാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച നടന്‍ ഞാന്‍ തന്നെ എന്ന് തീരുമാനിച്ചങ്ങ് ഇറങ്ങി...’’ ലാല്‍ പറഞ്ഞു. മോഹൻലാല്‍, ലാല്‍, മഞ്ജു വാര്യർ എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കി 1988 ല്‍ കന്മദം ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ലോഹിതദാസ് ഒരുക്കിയ ചിത്രമാണ്.