Thursday, March 12, 2026 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 02.45 PM

‘മാട്ടുപെട്ടി മച്ചാന് ശേഷം കിട്ടുന്ന വലിയ സിനിമയാടാ; ഇനി തിരക്കായിരിക്കും, വിളിച്ചാല്‍ പോലും കിട്ടില്ല; വേറൊരു ലോകത്തായിരിക്കും...’;ഇക്കയുടെ വാക്കുകള്‍ അറം പറ്റി...’കലാഭവന്‍ ദിലീപ്

കലാഭവന്‍ നവാസിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും. ഇപ്പോഴിതാ തന്റെ പുതിയ സിനിമയെക്കുറിച്ചും താനെഴുതി വച്ചിരിക്കുന്ന സ്ക്രിപ്റ്റിനെക്കുറിച്ചും നവാസ് പങ്കിട്ട സന്തോഷമാണ് കലാഭവന്‍ ദിലീപ് സോഷ്യല്‍ മീഡിയയില്‍ വൈകാരികമായി കുറിച്ചിരിക്കുന്നത്.
Kalabhavan Navas, Kalabhavan Dileep
Kalabhavan Dileep about kalabhavan navas (Image Source: Facebook)

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് മലയാള സിനിമാലോകവും പ്രേക്ഷകരും ഇതുവരെ മുക്തരായിട്ടില്ല. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് വൈകുന്നേരം മടങ്ങി റൂമിലെത്തിയ നവാസ് പിന്നീട് ഉണര്‍ന്നില്ല, ആരോടും മിണ്ടിയില്ല. ഹൃദയാഘാതമെന്ന രംഗബോധമില്ലാ​ത്ത കോമാളിയിലൂടെ മരണം നവാസിനെ കവര്‍ന്നെടുത്തു. വാര്‍ത്ത സത്യമാണോ എന്നാണ് പലരും സംശയരൂപേണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇപ്പോഴിതാ തന്റെ ഏറ്റവുമടുത്ത സുഹൃത്തും ജേഷ്ഠതുല്യനുമായിരുന്ന കലാഭവന്‍ നവാസിന്റെ നഷ്ടം ഇടറുന്ന വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് കലാഭവന്‍ ദിലീപ്. തന്നെ കലാഭവനിൽ എത്തിച്ച ഗുരുനാഥൻ ആണെന്നും നേർവഴിക്കു നയിച്ച കലാകാരനാണെന്നും തന്റെയുള്ളിലെ നന്മകളെ താൻ പോലും അറിയാതെ പറഞ്ഞു തന്ന കലാകാരന്‍ ആണെന്നും കലാഭവൻ എന്ന പേര് തനിക്ക് തന്ന ജേഷ്ഠ തുല്യനായ കലാകാരനാണ് നവാസ് ഇക്കയെന്നുമാണ് ദിലീപ് കുറിക്കുന്നത്.
‘‘21 മിനുട്ട് വീഡിയോ കാളിൽ ഇന്നലെ വന്നാ എന്നെ ഒരുപാടു സ്നേഹിച്ച ജേഷ്ഠ തുല്യനായ കലാകാരൻ നവാസ് ഇക്കാ. അദേഹത്തിന്റെ വിസയും റെഡി ആയി ടിക്കറ്റും എടുത്തു ഇതുവരെ യുകെ കാണാത്ത പ്രോഗ്രാം എല്ലാം സെറ്റ് ചെയ്തു നിൽകുമ്പോൾ പെട്ടന്ന് അദ്ദേഹം മാഞ്ഞു പോയി....
എന്നെ കലാഭവനിൽ എത്തിച്ച എന്റെ ഗുരുനാഥൻ... എന്നെ നേർവഴിക്കു നയിച്ച കലാകാരൻ. എന്നിലെ നന്മകളെ ഞാൻ പോലും അറിയാതെ പറഞ്ഞു തന്ന കലാകാരൻ. കലാഭവൻ എന്നാ പേര് എനിക്ക് തന്ന കലാകാരൻ. ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത മികച്ച പെർഫോമൻസ് ചെയുവാൻ തയാറെടുപ്പു നടത്തിയ ജേഷ്ഠൻ ഈ ഓണ പ്രോഗ്രാമിന് എല്ലാവരും ഒരേ ഓണ കുപ്പായത്തിൽ സ്റ്റേജിൽ കയറുവാൻ വേണ്ടി എല്ലാവരുടെയും ഡ്രസ്സുകൾ വരെ ഡിസൈൻ ചെയ്ത ഞങ്ങളുടെ ജേഷ്ഠൻ...യുകെ പോന്നോണം ഷോയ്ക്കു വേണ്ടി വെറൈറ്റികൾ ചെയ്ത കലാകാരൻ... പോയി...’’ എന്നാണ് കലാഭവന്‍ നവാസിന്റെ വീഡിയോ സഹിതം പങ്കിട്ടാണ് കലാഭവന്‍ ദിലീപ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
പോസ്റ്റിനൊപ്പം പങ്കിട്ട വീഡിയോയില്‍ കലാഭവൻ നവാസ് സമീപ കാലങ്ങളില്‍ തന്നോട് പറഞ്ഞ കാര്യങ്ങളും കലാഭവൻ ദിലീപ് പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഷോ യുകെയില്‍ നടക്കാനിരിക്കെയാണ് വിയോഗമെന്നും മാട്ടുപെട്ടി മച്ചാന് ശേഷം ലഭിക്കുന്ന വലിയൊരു സിനിമയാണ് നിലവില്‍ ചെയ്യുന്നതെന്നും സിനിമയുടെ തിരക്കില്‍ വേറൊരു ലോകത്തായിരിക്കുമെന്ന് നവാസ് പറഞ്ഞുവെന്നും ആ വാക്കുകള്‍ അറംപറ്റിയ പോലെ ആയെന്നും ദിലീപ് പറയുന്നുണ്ട്. ഒരു കുറ്റന്വേഷണ സിനിമയുടെ സ്ക്രിപ്റ്റ് നവാസ് എഴുതുന്നുണ്ടായിരുന്നുവെന്നും കലാഭവൻ ദിലീപ് പറഞ്ഞു.
‘‘അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഷോ യുകെയില്‍ നടക്കാനിരിക്കയായിരുന്നു. ഞാനാണ് ഷോ ഡയറക്ടര്‍. വിസ അടക്കം എല്ലാം ശരിയാക്കി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായും ദിവസങ്ങളായും സംസാരിച്ച്‌ കൊണ്ടിരുന്ന വ്യക്തിയാണ് നവാസിക്ക. ‘മാട്ടു പെട്ടി മച്ചാന് ശേഷം കിട്ടുന്ന ഏറ്റവും വലിയ സിനിമയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായിരിക്കുമെടാ എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാനിനി തിരക്കായിരിക്കും. വിളിച്ചാല്‍ പോലും കിട്ടില്ല. വേറൊരു ലോകത്തേക്കാണ്’, എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയെ കുറിച്ചാണ് പറഞ്ഞതെങ്കിലും ആ വാക്കുകള്‍ അറംപറ്റി പോയി. നമ്മളോട് ദിവസവും സംസാരിച്ച്‌ കൊണ്ടിരിക്കുന്നൊരു വ്യക്തി, വൈകുന്നേരം വന്ന് ടിവി കാണുമ്പോള്‍ മരിച്ചു പോയെന്നാണ് അറിയുന്നത്. എങ്ങനെ ഇത് ഉള്‍ക്കൊള്ളും എന്നെനിക്ക് അറിയില്ല. കലാഭവന്‍ ദിലീപ് എന്ന പേര് എനിക്ക് നേടി തന്ന വ്യക്തിയാണ് അദ്ദേഹം...
മിമിക്രിക്കാരാണ്, സിനിമാക്കാരാണ് അവസരങ്ങള്‍ ഒരുപാട് ഉണ്ടാകും. നല്ലൊരു ജീവിതം ഉണ്ടാകും. പക്ഷേ നമ്മള്‍ നമ്മുടെ ശരീരത്തെ സ്നേഹിച്ചാല്‍ ശരീരവും നമ്മളെ സ്നേഹിക്കും. ആ ശരീരത്തെ സ്നേഹക്കുന്ന സിനിമയുണ്ടാകും. ആ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുണ്ടാകും. അതാണ് നമ്മുടെ ജീവിതം', എന്നൊക്കെ കുറേ കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. ‘ജീവിതത്തില്‍ റെഡ് മീറ്റ് എന്ന സംഭവം ഒഴിവാക്കി മീന്‍, പച്ചക്കറി, മുട്ട എന്നിവയിലേക്ക് മാറണം. ഒരു അഞ്ച് വര്‍ഷം കൂടെ നമുക്ക് ജീവിക്കാന്‍ പറ്റു’മെന്ന് പറഞ്ഞിരുന്നു. യുകെയിലേക്ക് വരാന്‍ എയര്‍ ഇന്ത്യ വേണ്ട. എനിക്ക് നല്ല രീതിയില്‍ ജീവിക്കണം. പേടിച്ച്‌ വിറച്ചൊരു പരിപാടിക്ക് വരാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. വേറെ നല്ലൊരു ഫ്ലൈറ്റ് എടുത്താന്‍ മതി എന്നൊക്കെ പറഞ്ഞു. ജീവിതത്തെ കുറിച്ച്‌ നല്ല ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന വ്യക്തിയാണ് നവാസിക്ക. എഴുതി വച്ചിരുന്ന പുതിയ സ്ക്രിപ്റ്റിനെ കുറിച്ച്‌ സംസാരിച്ചു. കുറ്റന്വേഷണ കഥയാണത്. പൊലീസ് സ്റ്റോറിയാണ് എന്നൊക്കെ പറഞ്ഞു. ആ അദ്ദേഹമാണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്. മരിച്ച്‌ കഴിഞ്ഞ് ഒരു കലാകാരനെ കുറിച്ച്‌ ഒരുപാട് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് ഏറ്റവും നല്ല അവസരങ്ങളും വേദികളും കൊടുക്കണം...’’ ഫേസ്ബുക്ക് വീഡിയോയിലൂടെ വൈകാരികമായി കലാഭവൻ ദിലീപ് പറഞ്ഞു.

Ads by Google
Saturday 02 Aug 2025 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW