Friday, March 13, 2026 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 03.34 PM

‘‘ഈ സ്ഥാനം ഇനി വേണ്ടെന്ന് കണ്ണുനിറഞ്ഞ് മോഹൻലാല്‍ എന്നോട് പറഞ്ഞു; ലാലിനു നേരെ എല്ലാവരും വിരല്‍ ചൂണ്ടി; ആ രാജിക്ക് പിന്നില്‍ കാരണമുണ്ട്...’’ തുറന്നു പറഞ്ഞ് ദേവന്‍

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ ദിവസം കഴിയുന്തോറും കൂടിക്കൂടി വരുകയാണ്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ദേവന്‍.
uploads/news/2025/07/793936/Untitled-7.jpg
Devan about Mohanlal (Image Source: Youtube)

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുകയാണ്. പ്രസിഡന്റ് സ്ഥാനത്തു നിന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞതോടെയാണ് ‘അമ്മ’ വിവാദങ്ങളില്‍ നിറഞ്ഞു തുടങ്ങിയത്. ആരോപണവിധേയരായ താരങ്ങള്‍ അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നു എന്നതടക്കം പല പ്രശ്നങ്ങളും അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.
ഇ​പ്പോഴിതാ അതിനിടയില്‍ താരസംഘടനയായ അമ്മയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറയുകയാണ് നടൻ ദേവൻ. കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘‘ഇപ്പോള്‍ വിഘടിച്ചുനില്‍ക്കുന്നവരും തന്നോടൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. അവരെ തനിക്കൊപ്പം നില്‍ക്കാൻ കൊണ്ടുവരും. ഇപ്പോഴുള്ള പ്രശ്നം അമ്മ എന്ന സംഘടനയുമായുള്ളതല്ല. വ്യക്തികള്‍ തമ്മിലാണ് പ്രശ്നം. അവർക്കുള്ളിലെ ഈഗോയാണ് അതിന് കാരണം.
ആരൊക്കെ തമ്മിലാണ് പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് അവരെ ഒരുമിച്ചിരുത്തുകയാണ് പ്രസിഡന്റ് ചെയ്യേണ്ടത്. അതിനുള്ള ഉത്തരവാദിത്തം പ്രസിഡന്റിനാണ്. അവരെ വിളിച്ചുവരുത്തി ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തുമിരുത്തി നമുക്ക് കൂടിയാലോചന നടത്താം. അമ്മയില്‍ സാമ്പത്തിക തിരിമറിയുണ്ടെന്ന ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എന്നാല്‍ ഞാൻ പ്രസിഡന്റായാല്‍ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. സംഘടനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന ആരോപണം ശരിയല്ല. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവർ അമ്മയിലുണ്ട്. ഇന്നുവരെ അത്തരത്തിലൊരു സംസാരമോ പ്രവർത്തനമോ ആരില്‍നിന്നും ഉണ്ടായിട്ടില്ല. അമ്മയില്‍ കക്ഷി രാഷ്ട്രീയമില്ല.
മോഹൻലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാനുണ്ടായ സാഹചര്യവും ഉണ്ടായതാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ മോഹൻലാലിന് നേരിടേണ്ടിവന്ന ചില ചോദ്യങ്ങളുണ്ട്. എല്ലാവരും വിരല്‍ ചൂണ്ടിയത് ലാലിനുനേരെയായിരുന്നു. അത് ശരിയല്ല. ആരോപണ വിധേയർക്ക് കുഴപ്പമില്ല. പക്ഷേ മോഹൻലാല്‍ എന്ന ആ മഹാനടനെ മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും ചോദ്യം ചെയ്യാൻ തുടങ്ങി. അതിലദ്ദേഹം വളരെയധികം വിഷമിച്ചു. നമ്മളെല്ലാം എന്തൊക്കെ ചെയ്തിട്ടും ഇങ്ങനെയൊക്കെ വന്നല്ലോ, എനിക്കിനി ആ സ്ഥാനം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. സ്വാർത്ഥമായ താത്പര്യങ്ങളൊന്നുമില്ലാതെയാണല്ലോ നമ്മളിതില്‍ നില്‍ക്കുന്നത്.
മോഹൻലാല്‍ ശരിക്കും വേദനിച്ചു. കണ്ണൊക്കെ നിറഞ്ഞിട്ടാണ് എന്നോട് സംസാരിച്ചത്. ഞാൻ തെറ്റുചെയ്തതു പോലെയാണ് തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മോഹൻലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പിൻമാറിയതും. എല്ലാവർക്കും ഒപ്പമുണ്ടാകുമെന്ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു അധികാരസ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് സാഹചര്യം.
എനിക്ക് ഒരു പാനലുമില്ലെന്ന് ദേവൻ അറിയിച്ചു. അംഗങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യട്ടേ. പാനലൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തീരുമാനിക്കാം. എന്നെ വിശ്വസിക്കുന്നവരുടെ വോട്ടാണ് തനിക്ക് ലഭിക്കുക. അത് കിട്ടുമെന്ന് ഉറപ്പുണ്ട്. ആരൊക്കെയാണ് എതിർസ്ഥാനാർത്ഥികളെന്ന് നോക്കിയിട്ടല്ല ഞാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്...’’ ദേവന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW