-->
ഓവല്‍ : ഇംഗ്ലിഷുകാർക്കിടയിൽ ഉയിർപ്പിന്റെ പിച്ചെന്നാണ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട് അറിയപ്പെടുന്നത്. പരമ്പര തോൽവിയിൽ നിന്ന് പലപ്പോഴും ഇംഗ്ലണ്ടിനെ രക്ഷിച്ചിട്ടുള്ള പാരമ്പര്യം ഓവലിനുണ്ട്. 2023ലെ ആഷസ് പരമ്പരയിലായിരുന്നു അവസാനത്തെ ‘രക്ഷപ്പെടൽ’. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ 2–1ന് പിന്നിലായിരുന്നു ഇംഗ്ലണ്ട് . പരമ്പര നഷ്ടപ്പെടാതിരിക്കാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇംഗ്ലണ്ട് 49 റൺസിന്റെ ജയം സ്വന്തമാക്കി. തങ്ങളുടെ ആ ഭാഗ്യ മണ്ണിലേക്കാണ് അവസാന ടെസ്റ്റിനായി ഇംഗ്ലണ്ട് ടീം ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഓവലിൽ ഇറങ്ങുമ്പോൾ ഇന്ത്യയുടെ ആവലാതികൾ പലതാണ് .
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ ചൈനമാൻ സ്പിന്നർ കുല്‍ദീപ് യാദവ് കളിക്കില്ലെന്ന് റിപ്പോർട്ട്. ആദ്യ മത്സരം മുതൽ കുല്‍ദീപ് യാദവ് ഇലവനിൽ കളിക്കണമെന്നായിരുന്നു ക്രിക്കറ്റ് എക്‌സ്‌പേർട്‌സെല്ലാം അഭിപ്രായപ്പെട്ടത്. എന്നാൽ ഓവലിലെ ഗ്രീൻ സർഫേസ് കുല്‍ദീപിനെ കളിപ്പിക്കുന്നതിൽ നിന്നും ടീമിനെ വീണ്ടും പിന്നോട്ടടിപ്പിക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര കളിച്ചേക്കില്ലെന്ന വാർത്ത തന്നെയാണ് ഇന്ത്യയെ ഏറ്റവും അലട്ടുന്നത്.
അതേസമയം മലയാളി താരമായ കരുൺ നായർ അവസാന മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തേക്കിയുമെന്നും വാർത്തകളുണ്ട്. കഴിഞ്ഞ മത്സരത്തിലെ സൂപ്പർഹീറോസായി മാറിയ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി തന്നെ തുടുമ്പോൾ ബാറ്റിങ് ഡെപ്ത്തിന് വേണ്ടിയാണ് കരുണിനെ ഉൾപ്പെടുത്തിയത്. പരിക്കേറ്റ റിഷബ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ധ്രുവ് ജുറൽ വരും. ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിലുണ്ടായിരുന്ന ഷർദുൽ താക്കൂർ കളിച്ചേക്കില്ല. ഇന്ത്യൻ എക്‌സ്പ്രസാണ് ഇന്ത്യയുടെ സാധ്യത ഇലവൻ പുറത്തുവിടുന്നത്.
സാധ്യത ഇലവൻ- കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, ദ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.