-->
തിരുവനന്തപുരം : കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ക്രൈസ്തവസഭകള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെ നയങ്ങള്‍ക്കുമെതിരേ സംയുക്ത പ്രതിഷേധം നടത്താനൊരുങ്ങുന്നെന്നാണ് വിവരം. പ്രതിഷേധം എങ്ങിനെ വേണമെന്നും എപ്പോള്‍ ഏതു രീതിയില്‍ വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മൂന്ന് സഭകളുടെ നേതാക്കള്‍ യോഗം ചേരും.
ലത്തീന്‍, മലങ്കര, സീറോമലബാര്‍ സഭകളുടെ നേതൃത്വം ഇന്ന് വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കാനാണ് ആലോചനയെന്നാണ് വിവരം. യോഗത്തില്‍ മൂന്ന് സഭകളുടെയും വികാരിജനറല്‍ മാരും അല്‍മായ നേതൃത്വവും ചേര്‍ന്ന് ഒരു യോഗം വിളിച്ചിരിക്കുയാണ്. ഈ യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നാണ് വിവരം. കേരളത്തിലെ ക്രൈസ്തവനേതൃത്വം ബിജെപിയോട് അനുകൂല മനോഭാവത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനിരോധനത്തിനും കേസെടുത്ത് ജയിലില്‍ അടച്ചിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം പോലും അസാധ്യമാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതില്‍ സഭകള്‍ അതൃപ്തിയിലാണ്. മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യത്വരഹിതമാണെന്ന് നേരത്തേ സഭാ നേതാക്കള്‍ പ്രതികരിച്ചിരുന്നു.
കന്യാസ്ത്രീകളുടെ വിഷയത്തില്‍ കെസിബിസി കഴിഞ്ഞ ദിവസം ബിജെപിയ്ക്ക് മേല്‍ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
കേസില്‍ സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.