-->
52 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകനായും വക്കീലായുമൊക്കെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന ഒരു ചെറുപ്പകാരന് എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന സിനിമയിലേക്ക് ക്ഷണം കിട്ടുന്നത്. ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് നേടിക്കൊടുക്കാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞു, അതാണ് സുകുമാരന്‍. പ്രതിയോഗികളെ നിഷ്പ്രഭമാക്കുന്ന ഡയലോഗ് ഡെലിവറിയിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇടം നേടാന്‍ സുകുമാരന് കഴിഞ്ഞത്.
സുകുമാരന്റെ മക്കളെന്ന ലേബലില്‍ മലയാള സിനിമയിലെത്തിയവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകനായും നിര്‍മ്മാതാവായും മലയാളത്തില്‍ മാത്രമല്ല വിവിധ ഭാഷകളില്‍ കഴിവ് തെളിയിച്ച താരമാണ്. പത്തൊന്‍പതാം വയസ്സില്‍ ‘നന്ദനം’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമയുടെ പേരും പുകഴും കേരളത്തിന് പുറത്തെത്തിച്ച അമരക്കാരനാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞപ്പോള്‍ തന്റേടി, അഹങ്കാരി എന്നീ പേരുകള്‍ പൃഥ്വിക്ക് ചാര്‍ത്തിക്കൊടുത്തിരുന്നു. ഇന്ന് പക്ഷേ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനാണ് പൃഥ്വി. താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘സര്‍സമീന്‍’ പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്.
ഇപ്പോഴിതാ തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ അച്ഛൻ സുകുമാരന്റെ മരണം കാണേണ്ടി വന്നതിനെക്കുറിച്ചും അമ്മ തങ്ങള്‍ക്ക് നല്‍കിയ കരുത്തിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. സ്കൂള്‍ വിദ്യാർത്ഥികളായിരുന്ന തന്നെയും ചേട്ടനെയും അമ്മ കരുത്തോടെ വളര്‍ത്തിയെന്നും അന്ന് ഏറെ തന്നെ അത്ഭുതപ്പെടുത്തിയത്, തങ്ങളുടെ അമ്മയായ മല്ലിക സുകുമാരൻ ആ വേർപാട് നേരിട്ട്, മക്കളെയും കൊണ്ട് ജീവിതത്തില്‍ മുന്നേറിയതാണെന്നും പൃഥ്വി തുറന്നു പറഞ്ഞു.
‘‘ഒരു കുടുംബമെന്ന നിലയിൽ, എന്റെ സഹോദരനും എനിക്കും, നിർഭാഗ്യവശാൽ വളരെ ചെറുപ്പത്തിൽ തന്നെ ഞങ്ങളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന് എനിക്ക് 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് അദ്ദേഹത്തെ നഷ്ടപ്പെട്ടതിന്റെ ദുഃഖം, മറ്റൊന്ന് അത് എത്ര അപ്രതീക്ഷിതമായിരുന്നു എന്നത്. അദ്ദേഹത്തിന് അസുഖമോ മറ്റോ ഉണ്ടായിരുന്നില്ല, ആരോഗ്യവാനായി ഇരിക്കുന്ന ഒരു ദിവസം അദ്ദേഹം പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി. ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു അത്, കാരണം ഞങ്ങൾ ആ ആഘാതത്തിന് തയ്യാറായിരുന്നില്ല, ആരുമതിന് തയ്യാറല്ല, പക്ഷേ ഞങ്ങളുടെ അച്ഛൻ ഇനി അടുത്തുണ്ടാകില്ല എന്ന യാഥാർത്ഥ്യത്തിന് ഞങ്ങൾ ശരിക്കും തയ്യാറായിരുന്നില്ല എന്നതാണ് സത്യം.
ആ സമയങ്ങളിൽ എന്നെ ശരിക്കും പിടിച്ചുനിർത്തിയത് എന്റെ അമ്മ എത്ര സുഗമമായി ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നു എന്നതാണ്. ജീവിതത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ടെന്ന് അമ്മ ഉറപ്പാക്കി. ഞങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ ഒരു അന്തരീക്ഷം അമ്മ സൃഷ്ടിച്ചു, ആ ഘട്ടത്തിൽ അമ്മ എത്രമാത്രം ശക്തയായിരുന്നു എന്നതിന് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. അന്ന് 40-കളുടെ തുടക്കത്തിലായിരുന്നു അമ്മ, അവർ വളരെ ചെറുപ്പമുള്ള ഒരു അമ്മയായിരുന്നു. എനിക്ക് 42 വയസ്സായി, ഏകദേശം എന്റെ അമ്മയ്ക്ക് അച്ഛനെ നഷ്ടപ്പെട്ട അതെ പ്രായം. ഈ പ്രായത്തിൽ എനിക്ക് എന്റെ ജീവിത പങ്കാളിയെ പെട്ടെന്നൊരു ദിവസം, ഓർക്കാപ്പുറത്ത് നഷ്ടപ്പെടുന്നത് സങ്കൽപ്പിക്കുമ്പോൾ, അമ്മയ്ക്കത് എത്ര കഠിനമായിരുന്നിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല. അമ്മയ്ക്ക് അത് എത്രത്തോളം വലിയ ദുരന്തമായിരുന്നിരിക്കും എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവും.
പക്ഷേ അമ്മ ഒരിക്കലും എന്റെ സഹോദരനോ എനിക്കോ അങ്ങനെ തോന്നാൻ അനുവദിച്ചില്ല. അമ്മ ഞങ്ങളെ ഒരിക്കല്‍ പോലും ഒരു വിഷമങ്ങളും അറിയിച്ചിട്ടില്ല. ഒറ്റക്ക് ഞങ്ങളെ വളർത്താൻ വേണ്ടി അമ്മ അനുഭവിച്ച കഷ്ടപ്പാടുകളോ, ഒന്നും തന്നെ ഞങ്ങള്‍ അറിയേണ്ടി വന്നിട്ടില്ല. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശക്തിയും സ്ഥിരോത്സാഹവുമാണത്. ഇതിന് തുല്യമായി ധീരമായ കാര്യങ്ങൾ ചെയ്ത ദശലക്ഷക്കണക്കിന് സ്ത്രീകൾ ലോകത്തുണ്ട്, പക്ഷേ എനിക്ക്, എന്റെ അമ്മ എപ്പോഴും എന്റെ ഹീറോ ആയിരിക്കും, കാരണം ഞാൻ അമ്മയുടെ ശക്തി നേരിട്ട് കണ്ടാണ് വളർന്നത്...’’ തന്റെ അമ്മ മല്ലിക സുകുമാരനെക്കുറിച്ച് ഏറെ അഭിമാനത്തോടെ പൃഥ്വിരാജ് പറഞ്ഞു.
കുടുംബ ജീവിതം ആസ്വദിച്ച് തുടങ്ങിയ സമയത്താണ് മല്ലികയ്ക്ക് സുകുമാരനെ നഷ്ടമായത്. അന്ന് നാൽപ്പതിനോട് അടുത്ത് പ്രായം മാത്രമെ മല്ലികയ്ക്ക് ഉണ്ടായിരുന്നുള്ളു. കരിയറില്‍ നിന്ന് അക്കാലത്ത് ഇടവേളയെടുത്ത താരം പിന്നീട് അങ്ങോട്ട് വിശ്രമമില്ലാത്ത ജീവിതം നയിച്ചാണ് രണ്ട് ആൺമക്കളേയും മലയാള സിനിമയുടെ മുഖങ്ങളാക്കി മല്ലിക സുകുമാരൻ മാറ്റിയത്. സുകുമാരന്റെ പേരിന് പ്രശസ്തിയും പെരുമയും വർധിക്കുന്ന തരത്തിൽ പാൻ ഇന്ത്യൻ തലത്തിൽ താരങ്ങളായി ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും വളർന്നു എന്നതില്‍ ഒരു അമ്മയെന്ന നിലയില്‍ മല്ലിക സുകുമാരന് അഭിമാനിക്കാം.
മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്ര അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായില്ല. ജീവിതത്തില്‍ മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും സിനിമാലോകത്തിനുപുറത്തും സുകുമാരന് ബഹുമാനവും സ്നേഹവും കിട്ടാന്‍ കാരണങ്ങളായി. നട്ടെല്ലുള്ള നടനെന്നായിരുന്നു സഹപ്രവര്‍ത്തകര്‍തന്നെ വിശേഷിപ്പിച്ചത്. പ്രതിഫലതര്‍ക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുകുമാരന്‍ ഇടപെടുകയും നീതി ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട് താരം.
24 വര്‍ഷങ്ങള്‍ക്കു മുമ്പ് കരിയറിലെ തന്റെയൊരു വലിയ സ്വപ്നം ബാക്കിയാക്കിയാണ് സുകുമാരന്‍ മലയാള സിനിമയോട് വിടപറഞ്ഞത്. തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, 1997 ജൂണ്‍ പതിനാറാം തീയതിയാണ് ഹൃദയാഘാതത്തെ തുടർന്നാണ് സുകുമാരൻ അന്തരിച്ചത്. അന്ന് മൂത്ത മകന്‍ ഇന്ദ്രജിത് സുകുമാരൻ 17 വയസ്സും, ഇളയ മകള്‍ പൃഥ്വിരാജ് സുകുമാരന് പതിനാല് വയസ്സുമായിരുന്നു പ്രായം.
സുകുമാരനെന്ന അതുല്യപ്രതിഭയുടെ അകാല മരണം, താരത്തിന്റെ കുടുംബത്തിന് മാത്രമല്ല, മലയാള സിനിമാ ലോകത്തിനും, പ്രേക്ഷകർക്കും ഒരുപോലെ വലിയ ആഘാതമായിരുന്നു. മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം സുകുമാരന് ഉണ്ടായില്ലെങ്കിലും, മരിക്കുന്നതിന് കുറച്ചു വർഷങ്ങള്‍ക്ക് മുൻപ് അവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് കണ്ട സുകുമാരന്‍, ഇവർ രണ്ടു പേരും നടന്മാരാകും എന്ന് പ്രവചിച്ചിരുന്നു. പിന്നീടിത് പല തവണ ഭാര്യ മല്ലിക സുകുമാരന്‍ പറഞ്ഞിട്ടുമുണ്ട്.