-->
മിമിക്രി വേദികളിലൂടെ സദസ്സിന്റെ കൈയടിയും മനസ്സും നേടിയെടുത്ത താരമാണ് അബി. പിന്നീട് മിനിസ്ക്രീനിലുകളില്‍ സ്കിറ്റുകളിലൂടെയും ബിഗ് സ്ക്രീനില്‍ കുറെയധികം സിനിമകളിലൂടെയും അബി നിറഞ്ഞു നിന്നിട്ടുണ്ട്. പക്ഷേ വെള്ളിത്തിരയില്‍ അത്രകണ്ട് ശോഭിക്കാന്‍ അബിക്ക് കഴിഞ്ഞില്ല. എന്നാല്‍ അബിയുടെ മകന്‍ എന്ന ലേബലി കുറെയധികം സിനിമയിലെത്തി പിന്നീട് തന്റേതായ ഒരു ഐഡന്റിറ്റിയിലൂടെ നായകനിരയിലേക്ക് ഉയര്‍ന്ന് കൈയടി നേടിയ താരമാണ് ഷെയ്ന്‍ നിഗം.
യുവതാര നിരയില്‍ കരുത്തുറ്റ അഭിനേതാക്കളില്‍ ഒരാളായ ഷെയ്ന്‍ തുടക്കത്തില്‍ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെയുമാണ് തിളങ്ങിയത്. പിന്നീട് സഹനടൻ വേഷങ്ങള്‍ ചെയ്ത് അതിലൂടെ നായകനിരയിലേക്ക് ഉയര്‍ന്നു വന്നു. ആർഡിഎക്‌സ്, ഇഷ്ഖ്, പ്രിയദർശൻ സംവിധാനം ചെയ്‌ത കൊറോണ പേപ്പേഴ്‌സ് എന്നിവയൊക്കെ ഷെയ്ന്‍ എന്ന താരത്തെ അടയാളപ്പെടുത്തിയ സിനിമകളാണ്.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാദങ്ങളിലും ഷെയ്നിന്റെ പേര് കേട്ടിരുന്നു. വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിലടക്കം താരത്തിന്റെ പേര് കേട്ടു. പിന്നീട് ഒത്തുതീർപ്പായി സിനിമ പുറത്തിറങ്ങി എങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല.
ഇപ്പോഴിതാ വിവാദങ്ങളെക്കുറിച്ചും അത് തന്ന തിരിച്ചറിവുകളെക്കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം. ദേഷ്യവും അഗ്രഷനും കാരണമാണ് അങ്ങനെ ചെയ്തതെന്നും അതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും താരം പറയുന്നു.
‘‘വെയില്‍ സിനിമയുടെ ബന്ധപ്പെട്ടുണ്ടായത് ഒരു റിബലിയസ് ആക്റ്റ് ആയിരുന്നു. ഞാന്‍ അതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അങ്ങനെ ആരും ചെയ്യാന്‍ പാടില്ലെന്നേ ഞാന്‍ പറയൂ. അത് നല്ലൊരു കാര്യമല്ല. ദേഷ്യവും അഗ്രഷനും കാരണമാണ് അങ്ങനെ ഞാൻ ചെയ്‌തത്. ഞാന്‍ വളരെ ഇംപള്‍സീവായ വ്യക്തിയല്ല. അതിനും മാത്രം ധൈര്യമുള്ള ഒരാളായി എനിക്ക് തന്നെ എന്നെ കാണാന്‍ സാധിക്കുന്നുമില്ല. പിന്നെ ചില സാഹചര്യങ്ങള്‍ അങ്ങനെ ആക്കുകയാണ്.
ചില സിനിമകളുടെ സെറ്റുകളില്‍ ഒരു നിശ്ചിത സമയത്ത് വരാന്‍ പറയും. പക്ഷേ, ഒരു മണിക്കൂര്‍ കഴിഞ്ഞാകും ഷോട്ടെടുക്കുക. ചിലപ്പോള്‍ വേഷമൊക്കെ ഇട്ട് തയ്യാറായി, രണ്ട്-രണ്ടര മണിക്കൂര്‍ കഴിഞ്ഞാകും ഷൂട്ട് തുടങ്ങാറുള്ളത്. സെറ്റില്‍ വരുന്നതിലും കാത്തിരിക്കുന്നതിലും ഒന്നും എനിക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ മേക്കപ്പിട്ട് തയ്യാറായി കഴിഞ്ഞാല്‍ ഞാന്‍ മാനസികമായി ആ സീനിലായിരിക്കും.
അങ്ങനെയുള്ളപ്പോള്‍ ആ സീനിന് വേണ്ട വികാരങ്ങള്‍ മനസിലേക്ക് വന്നിട്ടുണ്ടാകും. വല്ലാതെ വൈകുന്നതോടെ മാഞ്ഞു പോകാന്‍ തുടങ്ങും. കൃത്യ സമയത്ത് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഞാന്‍ തയ്യാറായ ശേഷം വലിയ ഇടവേളയില്ലാതെ മുന്നോട്ട് പോകാൻ കഴിയണം. പലപ്പോഴും അപൂര്‍വ്വമായി മാത്രമേ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളൂ. ഞാൻ അഭിനയിച്ച മറ്റ് സിനിമകളുടെ സെറ്റുകളില്‍ എങ്ങനെ ആയിരുന്നെന്ന് അന്വേഷിച്ചു നോക്കൂ.
സിനിമാ ഇൻഡസ്ട്രിയില്‍ എനിക്ക് അധികം സുഹൃത്തുക്കളില്ല. ഇതൊരു പരാതിയായി പറയുന്നതല്ല. പരിപാടികള്‍ക്ക് കാണുമ്ബോള്‍ എല്ലാവരോടും സംസാരിക്കും. അതല്ലാതെ ആരുമായും യഥാര്‍ത്ഥ സൗഹൃദങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ എന്റെ സ്‌കൂള്‍കാലത്തെ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. പിന്നെ എന്റെ കുടുംബവും.
സ്‌റ്റേജിലെ വാപ്പച്ചിയെ കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഈ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. വാപ്പച്ചി എങ്ങനെയാണ് അതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിഞ്ഞു കൂടാ. വണ്‍മാൻ ഷോ ഒക്കെ അവതരിപ്പിക്കുമായിരുന്നു. പറവയാണ് വാപ്പച്ചി കണ്ട എന്റെ അവസാന സിനിമ. അന്ന് തിയേറ്ററില്‍ ആളുകള്‍ കൈയടിക്കുമ്പോള്‍ വാപ്പച്ചി ഭയങ്കര ഹാപ്പി ആയിരുന്നു...’’ ഷെയ്ന്‍ പറയുന്നു.