-->
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ യുവതാരമാണ് ഷെയ്ന്‍ നിഗം. അച്ഛനും മിമിക്രി കലാകാരനും അഭിനേതാവുമായിരുന്ന കലാഭവന്‍ അബിയുടെ മകനെന്ന ലേബലിലാണ് ഷെയ്ന്‍ വെള്ളിത്തിരയിലേക്ക് എത്തിയത്. എന്നാല്‍ മകന്‍ സിനിമയില്‍ തിളങ്ങുന്നത് കാണാന്‍ അബിയുണ്ടായില്ല. അച്ഛന്റെ അനുഗ്രഹം കൊണ്ടാവണം ആദ്യ സിനിമയിലൂടെ തന്നെ തന്റെ സ്ഥാനം വെള്ളിത്തിരയിലുറപ്പിക്കാന്‍ ഷെയ്നിനു കഴിഞ്ഞു. പിന്നീടിങ്ങോട്ട് മികച്ച ചിത്രങ്ങളുടെയും കരുത്തുറ്റ കഥാപാത്രങ്ങളുടെയും ഒരു പരമ്പര തന്നെ ഷെയ്നിന്റെ കരിയറിലുണ്ടായി.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ സ്വകാര്യ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഷെയ്ന്‍ നേരിട്ടു. സിനിമാ ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിലക്കു വരെ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. തിരിച്ചടികള്‍ വരുമ്പോഴും അതില്‍ നിന്നൊക്കെ പറന്നുപൊങ്ങിയ ഷെയ്ന്‍ ഇക്കഴിഞ്ഞ മാസം തിയേറ്ററിലെത്തിയ ‘ബള്‍ട്ടി’ സിനിമയുടെ വിജയത്തേരിലാണ്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് പ്രശംസയും കൈയടിയുമൊക്കെ കിട്ടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ബള്‍ട്ടി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തില്‍ ഷെയ്ന്‍ പങ്കുവച്ച കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദ പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവച്ചത്. തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഒരാളെ മനസ്സാക്ഷി അല്ലെങ്കില്‍ ദൈവം ആയിട്ട് ഞാന്‍ കാണുന്നെന്നും ആ മനസ്സാക്ഷിയുടെ മുന്നില്‍ മാത്രമേ താന്‍ ജീവിക്കുന്നുള്ളൂ എന്നുമാണ് ഷെയ്ന്‍ പറയുന്നത്.
‘‘ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുക എന്നു പറയുന്നത് ഞാന്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരാളാണ് എന്നല്ല. ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു നിശബ്ദത ഉണ്ട്. എന്റെ ഉള്ളില്‍ നിന്ന് ആരോ എന്നെ തന്നെ നോക്കുന്നുണ്ട്. ആ നോക്കിക്കൊണ്ടിരിക്കുന്ന ഒരാളെ ഞാന്‍ മനസ്സാക്ഷി അല്ലെങ്കില്‍ ദൈവം ആയിട്ട് ഞാന്‍ കാണുന്നു. ആ മനസ്സാക്ഷിയുടെ മുന്നില്‍ മാത്രമേ ഞാന്‍ ജീവിക്കുന്നുള്ളൂ. കാരണം മനുഷ്യര്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടാകാം.
ഓരോ അഭിപ്രായത്തിന് അനുസരിച്ച് നമ്മുടെ മൂഡിനെയോ ജീവിതത്തെയോ മാറ്റാന്‍ നോക്കിക്കൊണ്ടിരുന്നാല്‍ അത് ഒരുപാട് എഫര്‍ട്ട് ആണ്. നമ്മള്‍ ഒരുപാട് ചോര്‍ന്നു പോകും. നമ്മള്‍ ആവശ്യമില്ലാതെ ഓവര്‍ത്തിങ്കിംഗ് ചെയ്യും, ഡിപ്രസ്ഡ് ആകും, ആംഗ്സൈറ്റി ഉണ്ടാവും. അങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് ഓരോ വ്യക്തിയും ശരിക്കും ഒറ്റയ്ക്കാണ്. എന്റെ ഉമ്മച്ചി, എന്റെ പെങ്ങമ്മാരും എന്റെ ഒരു പെറ്റ് ടൈഗര്‍ (പൂച്ച ) ഇവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്. ഇവരുടെയൊക്കെ സപ്പോര്‍ട്ട് പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനേക്കാള്‍ വലുതാണ്. ഇവര് സെല്‍ഫ് ലെസ്സ് ലവ് ആണ് എല്ലാമാണ്.
പക്ഷേ ഞാന്‍ എന്റെ കൂടെയുള്ള ഒരു ഒറ്റപ്പെടലിനെ ഇപ്പോള്‍ വല്ലാതെ മുറുകെ പിടിക്കുന്നുണ്ട്. അത് വേറൊന്നും കൊണ്ടല്ല. കാര്യം അത്രയധികം അങ്ങനെ ഇരിക്കേണ്ട കുറേ അവസ്ഥകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്റെ ഫാദറിന്റെ മരണം തൊട്ട് കൂട്ടിയാല്‍, അതായത് വാപ്പിച്ചി മരിക്കുമ്പോള്‍ എനിക്ക് 21 വയസ്സ് ആണ്. 19-ാം വയസ്സില്‍ ഞാന്‍ പടം ചെയ്തു. 18 ല്‍ എന്തോ ആണ് പടം ചെയ്തത്. എനിക്ക് 19 വയസ്സുള്ളപ്പോള്‍ അത് ഇറങ്ങി. അതുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ വാപ്പച്ചിയും പോയി.
പിന്നീടുള്ള എന്റെ ജീവിതം എന്ന് പറയുന്നത് എന്തൊക്കെയോ ഞാന്‍ ചെയ്യുകയായിരുന്നു. ശരിക്കും എനിക്ക് അറിഞ്ഞുകൂടാ ഞാന്‍ എന്തൊക്കെയാ ചെയ്തതെന്ന്. ആ ഒരു യാത്രയിലൂടെ പല കാര്യങ്ങളും മനസ്സിലായി. അതായത് ഇപ്പോള്‍ നല്ലൊരു സക്‌സസ് കിട്ടും അതുപോലെ ഒരു വലിയ പ്രശ്‌നം ഉണ്ടാകും. പിന്നെയും ഒരു സക്‌സസ് കിട്ടും പിന്നെയും എന്തെങ്കിലും ഒരു പ്രശ്‌നം വരും. അങ്ങനെ എന്നെ ഉരുക്കി ഉരുക്കി എടുക്കുന്നത് പോലെ ഉള്ളൊരു അവസ്ഥയിലായിരുന്നു. അപ്പോഴെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നത് ഞാന്‍ മാത്രമാണ്. ആ മനസ്സാക്ഷിയാണെല്ലോ എപ്പോഴും ഉള്ളത്. വേറെ ആരെങ്കിലും ഉണ്ടാകുമോ? ആ ഒരു അവസ്ഥയാണ് എന്റെ ഗുരു. ആ വിഷമങ്ങളും വേദനകളും തന്നെയാണ് എന്റെ ഗുരു...’’ എന്നാണ് ഷെയ്ന്‍ പറഞ്ഞത്. നിറഞ്ഞ കൈയടിയോടെയും അല്‍പ്പം കണ്ണു നിറഞ്ഞുമാണ് ഷെയ്നിന്റെ വാക്കുകളെ പേര്‍ളി കേട്ടിരുന്നത്. എല്ലാവര്‍ക്കും ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും പേര്‍ളി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വളരെപ്പെട്ടെന്ന് റീല്‍സായി ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു. ലൈക്കുകളും കമന്റുകളുമൊക്കെയായി താരത്തിന്റെ വാക്കുകള്‍ വൈറലാകുകയാണ്. പ്രചോദനം നല്‍കുന്ന വാക്കുകളാണിതെന്നാണ് പലരും കുറിക്കുന്നത്.
തന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും കരിയറില്‍ സൈബര്‍ ബുള്ളിയിങ് അനുഭവിച്ചതിനെക്കുറിച്ചും ഷെയ്ന്‍ പങ്കുവയ്ക്കുന്നുണ്ട്. ‘‘എവിടെയോ എന്റെ ഉള്ളില്‍ ഒരു നോണ്‍സ്റ്റോപ് ഫയർ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ എന്നെ താഴ്ത്താൻ ഒരുപാട് ആളുകള്‍ ഉണ്ട്. അങ്ങനെ എന്നെ താഴ്ത്താൻ ശ്രമിക്കാൻ ഞാൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാനെന്റെ ജോലി നോക്കുന്നു, എന്റെ കുടുംബം നോക്കുന്നു, ആരോടും ഒരു വെല്ലുവിളിക്കോ ഒന്നും ഞാൻ നിന്നിട്ടില്ല.
പക്ഷെ സ്ഥിരമായിട്ട് എന്നെ ഉപദ്രവിക്കുന്ന ആള്‍ക്കാരൊക്കെ ഉണ്ട്. അതൊക്കെ കാണുമ്പോള്‍ നമുക്ക് തന്നെ തോന്നില്ലേ, അങ്ങനെ നമുക്ക് തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ. എന്റെ ഭാഗത്ത് ശരി ഉള്ളപ്പോള്‍ ഞാൻ ആരെ പേടിക്കണം. ഞാൻ ആ സ്പിരിറ്റില്‍ തന്നെ അടുത്ത പടവും ചെയ്യും. വളരെ ചെറിയ പ്രായത്തില്‍ തന്നെ സൈബർ ആക്രമണം നേരിട്ടത് കൊണ്ട് അതൊന്നും എനിക്കൊരു വിഷയം അല്ലാതായി മാറി.
എന്റെ കരിയറിയിലെ ആദ്യത്തെ ബാന്‍ ലഭിച്ചത് 23 വയസിലാണ്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നുമാണ് ലഭിച്ചത്. ആ സംഭവത്തിനുശേഷം ഒരുപാട് നെഗറ്റീവായും, മോശമായിട്ടുമുള്ള കമന്റുകള്‍ എനിക്ക് നേരിട്ടേണ്ടി വന്നു. അന്നൊക്കെ അത് എന്നെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. അതിനെതിരെ പ്രതികരിക്കാന്‍ അന്നൊക്കെ ശ്രമിച്ചിരുന്നു...’’ ഷെയ്ന്‍ പറഞ്ഞു.