-->
FIDE വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രമെഴുതിയിരിക്കുകയാണ് രണ്ട് ഇന്ത്യൻ വനിതകൾ. ജൂലൈ 26, 27 തീയതികളിലായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ് കൊനേരു ഹംപിയും, ദിവ്യ ദേശ്മുഖും. ചെസ്സ് ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹംപി. എന്നാൽ, ചൈനയുടെ ടാൻ സോങ്‌യിയെ പരാജയപ്പെടുത്തി ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചുകൊണ്ടാണ് ദിവ്യ ദേശ്മുഖ് കലാശപോരാട്ടത്തിന് ഒരുങ്ങുന്നത്.
1987 മാർച്ച് 31 ന് ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിൽ ജനിച്ച കൊനേരു ഹംപി തന്റെ ആറാം വയസ്സിൽ ചെസ്സ് പരിശീലനം ആരംഭിച്ചു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ചെറുപ്പത്തിൽ തന്നെ അവളെ ചെസ്സ് പരിശീലിപ്പിച്ചിരുന്നു. 1993 ൽ ചെസ്സ് അണ്ടർ-8 ചാമ്പ്യൻഷിപ്പ് നേടിയ ഹംപി 1994 ലും, 1995 ലും സംസ്ഥാനതല ചാംപ്യൻഷിപ്പുകൾ നേടി. ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായ ഹംപി വനിതാ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ റണ്ണേഴ്‌സ്-അപ്പും, രണ്ട് തവണ വനിത ലോക റാപ്പിഡ് ചെസ് ചാമ്പ്യനുമാണ്.