-->
മലയാളത്തിലെ ആക്ഷന്‍ സിനിമകളെക്കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന പേരുകളിലൊന്നാണ് ഷാജി കൈലാസ്. ബാലു കിരിയത്തിന്റെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ ഷാജി, ദ ന്യൂസിലൂടെയായിരുന്നു സംവിധായകനായി അരങ്ങേറിയത്. കുറ്റാന്വേഷണ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചു. കുടുംബ ചിത്രങ്ങളും ചെയ്‌തെങ്കിലും പിന്നീട് ആക്ഷനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഷാജിയുടെ സിനിമകളിലെ നായകന്റെയും വില്ലന്റെയും സംഭാഷണങ്ങളും അപ്പിറയന്‍സുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഷാജി കൈലാസിന്റെ സ്വകാര്യ ജീവിതവും സിനിമയെ വെല്ലുന്ന തരത്തിലുള്ളതാണ്. താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നായികയായി എത്തിയ അഭിനേത്രിയോട് പ്രണയം തോന്നുക, ജാതിയും മതവും നോക്കാതെ ആ അഭിനേത്രിയെ ജീവിതത്തിലേക്ക് ക്ഷണിക്കുക. മാതൃക ദമ്പതിമാരായി സന്തുഷ്ട ജീവിതം നയിക്കുക. ആനിയായിരുന്നു ആ അഭിനേത്രി. മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള അഭിനേത്രിയായിരുന്ന ആനി മോളിവുഡിൽ കുറഞ്ഞ കാലയളവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി. മൂന്ന് വർഷത്തെ കരിയറിൽ 15-ലധികം സിനിമകളിൽ അഭിനയിച്ചു, അവയിൽ മിക്കതും ഹിറ്റുകളായിരുന്നു. സ്‌ക്രീനിൽ അവതരിപ്പിച്ച ഊർജ്ജസ്വലവും ടോംബോയിഷുമായ കഥാപാത്രങ്ങളിലൂടെയാണ് ആനി കൂടുതൽ അറിയപ്പെടുന്നത്. എന്നാല്‍ പിന്നീട് ആനി കുടുംബിനിയായി ഒതുങ്ങി. ഷാജി കൈലാസ് എന്ന ഹിറ്റ് മേക്കറുടെ പ്രിയപത്നിയായി.
ഇപ്പോഴിതാ തന്റെ പ്രിയപത്നി ആനിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ പങ്കിടുകയാണ് ഷാജി കൈലാസ്. ‘‘എന്റെ ജീവിതത്തിൽ എനിക്ക് ‘ആവശ്യമുള്ളത്’ നീയാണ്... ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍...’’ എന്നാണ് ഷാജി കൈലാസ് കുറിച്ചിരിക്കുന്നത്. ഒപ്പം നിറചിരിയോടെയുള്ള ആനിയുടെ ചിത്രവും ഷാജി കൈലാസ് പങ്കുവച്ചിട്ടുണ്ട്. ആരും കൊതിക്കുന്ന പ്രണയമാണ് ഇപ്പോഴും ഷാജി കൈലാസിന് ആനിയോടുള്ളത്. എന്നും കരുത്തും പിന്തുണയുമായി തനിക്കൊപ്പം നില്‍ക്കുന്നയാളാണ് ആനിയെന്ന് ഷാജി കൈലാസ് പല തവണ പറഞ്ഞിട്ടുണ്ട്. ഷാജിയേട്ടനെന്ന ലോകത്തിനു ചുറ്റും ജീവിക്കാനാണ് താനേറെ ഇഷ്ടപ്പെടുന്നതെന്നും അതാണ് ഏറ്റവും വലിയൊരു ഭാഗ്യമെന്നും കരുതുന്നതെന്നും ആനിയും പറഞ്ഞിട്ടുണ്ട്.
‘രുദ്രാക്ഷം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായത്. അക്കാലത്ത് വലിയ കോളിളക്കമായി മാറിയ ഒരു വിവാഹമായിരുന്നു ആനിയുടെയും ഷാജി കൈലാസിന്റെയും. രണ്ട് മതവിശ്വാസമുള്ളവരായതു കൊണ്ട് തന്നെ വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരുടെയും ദൃഡബന്ധത്തിന്റെയും സ്നേഹത്തിന്റെയും എല്ലാം പതിയെ മാറി. വിവാഹശേഷം ആനി അഭിനയം ഉപേക്ഷിച്ചു, പക്ഷേ ഒരു കുക്കറി ടോക്ക് ഷോ അവതാരകയായി ടെലിവിഷനിൽ സജീവമാണ്. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളാണ് ഇവര്‍ക്ക്. മൂന്നു പേരും സിനിമയില്‍ തന്നെയാണ് തിളങ്ങാന്‍ ഇഷ്ടപ്പെടുന്നത്.