Friday, March 13, 2026 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 10.55 AM

‘കലാകാരി എന്ന നിലയില്‍ പ്രിയങ്കയുടെ കാര്യത്തില്‍ അഭിമാനം ; ഒരാളെ അപമാനിക്കാന്‍ ഞാനൊരിക്കലും ശ്രമിക്കില്ല...’പ്രിയങ്ക നായര്‍ ബോഡി ഷെയ്‍മിംഗ് വിവാദത്തെക്കുറിച്ച് ആനി ഷാജി കൈലാസ്

uploads/news/2026/01/823132/Untitled-1.jpg
Annie Shaji Kailas responds to criticism on Priyanka Nair (Image Source: Youtube)

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ തന്റേതായ ഇടം നേടിയ അഭിനേത്രിയാണ് ആനി. സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്ത ശേഷം തീര്‍ത്തും കുടുംബിനിയായി മാറിയ ആനിയെ പിന്നീട് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത് ​പൊതുച്ചടങ്ങുകളിലും സെലിബ്രിറ്റി വിവാഹങ്ങളിലുമൊക്കെയാണ്. ദാമ്പത്യം വളരെ സുന്ദരമായി ആസ്വദിക്കുകയും അതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാറുണ്ട് ആനി.
‘ആനീസ് കിച്ചണ്‍’ എന്ന കുക്കറി ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആനി ഷാജി കൈലാസ് ഇപ്പോള്‍ എത്തുന്നുണ്ട്. ആനിയുടെ വിഭവം രുചിക്കാന്‍ അതിഥികളായി കുക്കറി ഷോയില്‍ എത്താറുള്ളത് സെലിബ്രിറ്റികളാണ്. അവരോടുള്ള ആനിയുടെ ചില ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു നടി പ്രിയങ്ക നായരെ ആനി ബോഡി ഷെയ്മിംഗ് നടത്തിയെന്ന വിമര്‍ശനം.
ഇപ്പോഴിതാ താന്‍ അവതാരകയായ കുക്കറി ഷോയില്‍ അതിഥിയായി എത്തിയ നടി പ്രിയങ്ക നായരെ ബോഡി ഷെയ്മിംഗ് നടത്തിയെന്ന വിമര്‍ശനത്തില്‍ പ്രതികരണമറിയിക്കുകയാണ് ആനി ഷാജി കൈലാസ്. ആനിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ ആനിയെ കാണിച്ചുകൊണ്ട് മകന്‍ റുഷിന്‍ ചോദിക്കുന്ന ചോദ്യത്തിനാണ് അമ്മയായ ആനി തന്റെ നിലപാട് അറിയിക്കുന്നത്. വിമര്‍ശനം കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന മകന്റെ ചോദ്യത്തിന് തനിക്ക് ഒന്നും തോന്നുന്നില്ലെന്നായിരുന്നു ആനിയുടെ മറുപടി.
“ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് പ്രിയങ്കയുടെ കാര്യത്തില്‍ അഭിമാനമാണ് തോന്നിയത്. ഒരാളെ അപമാനിക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിക്കില്ല. എന്റെ മുന്നില്‍ വച്ച് ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അവരുടെ വശം കൂടി കേള്‍ക്കാനും ഞാന്‍ പറയും. ഞാന്‍ ആദ്യമായി അഭിനയിച്ച ‘അമ്മയാണെ സത്യ’ത്തിന് വേണ്ടി മുടി മുറിച്ചുള്ള മേക്കോവര്‍ വരെ ഞാന്‍ നടത്തിയിരുന്നു. അന്നൊന്നും ഇത് എന്ത് കോലമാണെന്ന് ചോദിക്കാന്‍ ആരും വന്നില്ല. മറിച്ച് എല്ലാവരും അഭിനന്ദിക്കുകയായിരുന്നു...’’ ആനി പറയുന്നു. ഇരുവരും പങ്കെടുത്ത ഷോയില്‍ പ്രിയങ്കയുടെ അര്‍പ്പണത്തെക്കുറിച്ച് ആനി പറഞ്ഞിട്ടുണ്ടെന്ന കാര്യവും റുഷിനും ചൂണ്ടിക്കാട്ടുന്നുണ്ട്.
അമ്മയുടെ കണ്‍സെപ്റ്റില്‍ ഫെമിനിസം എന്താണെന്നും റുഷിന്‍ ചോദിക്കുന്നു. “ഞാന്‍ 1993 ലാണ് 16-ാം വയസില്‍ സിനിമയില്‍ വരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത്. ആ സമയത്ത് ഞാന്‍ വരുമാനം നേടാന്‍ തുടങ്ങി. അതില്‍ എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ടോ? സിനിമയില്‍ വരുമ്പോള്‍ കുടുംബം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ഞാന്‍ ജീവിച്ചു. ഇന്ന് സന്തോഷമായിട്ട് മൂന്ന് മക്കള്‍ക്കൊപ്പം ജീവിക്കുന്നു.
അന്ന് ഞങ്ങളൊക്കെ സിനിമയില്‍ വന്ന സമയത്ത് സമൂഹത്തിന്റെ ഒരു ചോദ്യം ഉണ്ടായിരുന്നു. പെണ്‍കുട്ടി അഭിനയിക്കണോ എന്ന്. അന്ന് സ്ത്രീകള്‍ക്ക് കുറേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഒത്തിരി കഴിവുള്ള സ്ത്രീകള്‍ വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ ഈ ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ സമൂഹത്തിലേക്ക് കൊണ്ടുവരണമായിരുന്നു. അതാണ് എന്റെ കാഴ്ചപ്പാടില്‍ ഫെമിനിസം. അല്ലാതെ സ്ത്രീയും പുരുഷനും ഒരുപോലെ ഇരിക്കുന്നതില്‍ എന്താണ് അര്‍ത്ഥം.
കുക്കറി ഷോയിലെ എന്റെ പരാമര്‍ശങ്ങളെപ്പറ്റി പലപ്പോഴും ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളെക്കുറിച്ചും ആനി പറയുന്നു. ‘‘ഞാന്‍ വളര്‍ന്നതിന്റെ പ്രശ്നമായിരിക്കാം, കേട്ടതിന്റെ പ്രശ്നമായിരിക്കാം. ഒരാള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍, എന്തു പറ്റി, ക്ഷീണിച്ചുപോയോ എന്ന് ചോദിക്കുന്നത് ഒരു നാട്ടുനടപ്പാണ്. എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ചെയ്യാന്‍ പാടില്ലെന്ന് ഇപ്പോഴത്തെ കുട്ടികള്‍ തിരുത്തുന്നുണ്ട്. അത് തിരുത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കും.
എന്നോട് അങ്ങനെ ഒരാള്‍ ചോദിച്ചാല്‍ എനിക്ക് ഒന്നും തോന്നില്ല. എനിക്ക് ഭയങ്കര വണ്ണമാണെന്ന് ഒരാള്‍ പറഞ്ഞാല്‍, എനിക്ക് എന്നെക്കുറിച്ച് അഭിമാനമാണെന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ എന്റെ ശരീരത്തെ സ്നേഹിക്കുന്നു. നിങ്ങളുടെ ശരീരം ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. അത്രയേ ഉള്ളൂ...’’ ആനി പറയുന്നു. മകന്‍ റുഷിന്‍ ആരംഭിച്ച ‘ഇറ്റ്സ് മീ റുഷിന്‍’ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആനി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
‘‘എന്ത് കോലമാണ് ഇത്? പ്രിയങ്ക നായര്‍ എന്ന് മാറ്റിയിട്ട് പ്രിയങ്ക ഗാന്ധി എന്ന് പേര് മാറ്റിയാലോ എന്ന് ഞാന്‍ ആലോചിക്കുകയാണ്. നല്ല രീതിയില്‍ ഇരുന്നയാള്‍ പാക്ക് പോലെ ആയി...’’ എന്നാണ് തന്റെ കുക്കറി ഷോയില്‍ അതിഥിയായി എത്തിയ പ്രിയങ്ക നായരോട് ആനി പറഞ്ഞത്. സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ മാറ്റമാണ് ഇതെന്നായിരുന്നു ആനിയോട് പ്രിയങ്ക പറയുന്ന മറുപടി. ആനിയുടെ ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW