Thursday, March 12, 2026 Last Updated 40 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 01.54 PM

ജീവിതത്തില്‍ അതിനു മുമ്പോ ശേഷമോ വേറെ ഒരു സിനിമാതാരങ്ങളുടെയും ഓട്ടോഗ്രാഫ് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്; ആളാരാണെന്നറിഞ്ഞ് ഞെട്ടി ആനി ഷാജികൈലാസ്

ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ സംവിധായകന്‍ ജിസ് ജോയ് ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ വാങ്ങിയ ഓട്ടോഗ്രാഫിന്റെ കഥ പറയുകയാണ്.
Director Jis Joy, Annie Shaji Kailas
Director Jis Joy about his one and only autograph from a celebrity (Image Source: Youtube)

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സംവിധായകരില്‍ ഒരാളാണ് ജിസ് ജോയ്. ഫീല്‍ ഗുഡ് സിനിമകളൊരുക്കിയാണ് ജിസ് ജോയ് പ്രേക്ഷകമനസ്സിലിടം നേടിയത്. സംവിധായകന്‍ എന്നതിലുപരി സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയിയുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്.
ഫീൽ ഗുഡ് സിനിമകളിൽ നിന്ന് ട്രാക്ക് മാറ്റി ജിസ് ജോയ് ‘തലവന്‍’ എന്ന ചിത്രമെടുത്ത​പ്പോഴും ആരാധകരത് ഇരു കൈയും നീട്ടി സ്വീകരിച്ചു. സംവിധാനവും ഡബ്ബിംഗും പരസ്യ ചിത്രങ്ങളുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ ജിസ്സിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആകെ ഒരു സെലിബ്രിറ്റി ഓട്ടോഗ്രാഫ് മാത്രമേ വാങ്ങിയിട്ടുള്ളവെന്ന് പറയുകയാണ് ജിസ് ജോയ്. അമൃത ടിവിയുടെ ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ ഭാര്യയ്ക്കൊപ്പം എത്തിയപ്പോഴാണ് ജിസ് ​ജോയ് ഇക്കാര്യം പറഞ്ഞത്. ‘‘എന്റെ ജീവിതത്തില്‍ ഒരേയൊരു പ്രാവശ്യ​മേ ഒരു സിനിമാതാരത്തിന്റെ കൈയില്‍ നിന്ന് ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങിയിട്ടുള്ളൂ. ആ കഥ ഇവിടെ പറഞ്ഞില്ലെങ്കില്‍ വേറെ എവിടെയും പറഞ്ഞിട്ട് കാര്യമില്ല...’’ ജിസ് ജോയ് പറഞ്ഞു.
‘‘എന്നാലതൊന്ന് പറഞ്ഞേ, അതാരാ, കേട്ടേ പറ്റുവൊള്ളൂ...’ എന്നായി ആനി. ‘‘അതൊരു സിനിമാ നടിയാണ്. അവര് വളരെ മനോഹരമായി അഭിനയിച്ചിരുന്ന, കേരളം മുഴുവന്‍ ആരാധകരുണ്ടായിരുന്ന, സിനിമയില്‍ നിന്ന് ഒരു സമയത്ത് മാറി, വളരെ ഭംഗിയായിട്ട് ദൈവകൃപ കൊണ്ട് ഫാമിലി നന്നായി ലീഡ് ചെയ്യുന്ന ഒരു നടിയാണ്. ആ നടിയുടെ പേര് ആനി എന്നാണ്...’’ ജിസ് ജോയ് പറഞ്ഞു. ഇത് കേട്ടിരിക്കുന്ന ആനി ഞെട്ടുന്നതും, ‘അയ്യോ, എന്നെ പിടിച്ചിടുമെന്ന് ഞാന്‍ കരുതിയില്ല..., ഞാനെപ്പോഴാ ഓട്ടോഗ്രാഫ് തന്നത്, തമ്പുരാനേ...’ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
‘‘ജീവിതത്തില്‍ ഒറ്റ പ്രാവശ്യമേ ഞാനിങ്ങനെയൊരു ഓട്ടോഗ്രാഫ് വാങ്ങിയിട്ടുള്ളൂ. അതിനു മുമ്പോ ശേഷമോ വാങ്ങിയിട്ടില്ല. ഞങ്ങളുടെ വീട് പാലാരിവട്ടത്തിനും കാക്കനാടിനും ഇടയില്‍ വാഴക്കാല എന്ന സ്ഥലത്താണ്. അന്ന് ഞാന്‍ പ്ലസ് ടൂവിനോ പത്തിലോ പഠിക്കുകയാണ്. പള്ളിയില്‍ ഞായറാഴ്ച ക്യാറ്റഗേസം (മതബോധനഗ്രന്ഥം) ഉണ്ട്. അതുകഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ആരോ പറഞ്ഞു ‘എടാ അവിടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെ’ന്ന്. ഞാന്‍ ചെല്ലുമ്പോള്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ട്. ഇങ്ങനെ ട്രാക്കിട്ടിട്ടുണ്ട്. ചേച്ചി അതിന്റെ നടുവില്‍ കൂടി നടന്നു വരുന്നു. ഞങ്ങളിങ്ങനെ നോക്കി നിന്നു. ഇടയ്ക്ക് ബ്രേക്ക് വന്നപ്പോള്‍ ചേച്ചി ഒരു കസേരയില്‍ വന്നിരുന്നു. ചേച്ചിയുടെ അടുത്ത് വന്നിട്ട് ഞാന്‍ എന്റെ ക്യാറ്റഗേസം ബുക്കിന്റെ പിറകില്‍ ഓട്ടോഗ്രാഫ് വാങ്ങി. നല്ലത് പറയാനും എഴുതാനുമുള്ള ആ ബുക്കിന്റെ പിറകില്‍ ചേച്ചി എനിക്ക് ‘അറിവാണ് ശക്തി...’ എന്നെഴുതിത്തന്നു...’’ ജിസ് ജോയ് പറഞ്ഞു. നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയും ആനി ഇക്കാര്യം കേട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.

മോഹന്‍ലാലിന്റെ സിനിമകള്‍ തന്റെ കരിയറില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും എത്രയൊക്കെ ചിത്രങ്ങളെടുത്താലും മതിയാകാത്തത് ലാല്‍ സാറിനൊപ്പമുള്ള നിമിഷങ്ങളാണെന്നും ജിസ് പറയുന്നു. തന്റെ വീട്ടിലേക്ക് കയറി വരുമ്പോള്‍ ആദ്യം കാണുന്നത് ലാലേട്ടനൊപ്പമുള്ള തന്റെ കുടുംബചിത്രമാണെന്നും ജിസ് ജോയ് എപ്പിസോഡില്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW