-->
ബാലചന്ദ്രമേനോന്‍ സിനിമകളിലൂടെ മലയാള സിനിമയിലേക്കെത്തിയ ഒരുപാട് നായികമാരുണ്ട്. അവരൊക്കെത്തന്നെയും പ്രേക്ഷകമനസ്സില്‍ തങ്ങളുടേതായ ഇടം നേടിയ അഭിനേത്രികളായും മാറി. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരാളാണ് ആനി. ‘അമ്മയാണെ സത്യം’ എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലൂടെ മുകേഷിന്റെ നായികയായിട്ടാണ് ആനി സിനിമയിലെത്തിയത്. വെറും മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് പതിനാറിലധികം സിനിമകള്‍ ചെയ്ത താരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി.
നിരവധി പുരസ്കാരങ്ങളും നേടിയ താരം സൂപ്പര്‍ഹിറ്റ് ഫിലീം മേക്കര്‍ ഷാജി കൈലാസിനെ വിവാഹം ചെയ്ത് കുടുംബിനിയായി ഒതുങ്ങി. ഇടയ്ക്ക് ഷാജിയോടൊപ്പം പല ചടങ്ങുകളിലും കാണാറുണ്ടെങ്കിലും സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് താരത്തിന് ഒട്ടും താത്പര്യമില്ല. പിന്നീട് താരത്തെ പ്രേക്ഷകര്‍ കണ്ടത് താരം അമൃത ടിവിയിലെ ‘ആനീസ് കിച്ചണ്‍’ എന്ന കുക്കറിഷോ അവതരിപ്പിച്ചപ്പോഴാണ്. പല സെലിബ്രിറ്റികളും അതില്‍ അതിഥികളായും എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ബിഗ് സ്ക്രീനിലെ തന്റെ ആദ്യ നായകനായ മുകേഷിനൊപ്പമുള്ള ചിത്രം പങ്കിടുകയാണ് ആനി ഷാജി കൈലാസ്. മൂന്നു പതിറ്റാണ്ടിനു മുമ്പുള്ള കൂടിക്കാഴ്ചയെ ഓര്‍ത്താണ് ആനിയുടെ കുറിപ്പ്. ‘‘30 വർഷങ്ങൾക്ക് ശേഷം, സിനിമയിലെ എന്റെ ആദ്യത്തെ നായകനെ കണ്ടുമുട്ടുന്നു, എന്നിട്ടും ആ ആരാധന ഇപ്പോഴും പുതുമയുള്ളതായി തോന്നുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനി മുകേഷിനൊപ്പമുള്ള ചിത്രം പങ്കിട്ടത്.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പഴയ സിനിമകളെക്കുറിച്ചും ഈ ജോഡിയെക്കുറിച്ചും പല ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ടിവിയില്‍ വന്നാല്‍ മറക്കാതെ കാണുന്ന സിനിമകളിലൊന്നാണിത്, ഇപ്പോ കൂടി കണ്ടതേയുള്ളൂ കല്യാണകൃഷ്ണനേയും ശിവകാമിയേയും, ഈ ജോഡി മറക്കാനാവില്ല...’ എന്നതടക്കമാണ് കമന്റുകള്‍.