-->
കണ്ണൂര്‍: മകനുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ഭര്‍ത്താവുമായുള്ള അവസാന ഫോണ്‍ സംഭാഷണം ചാനലുകള്‍ പുറത്തുവിട്ടു. വീട്ടില്‍ വന്ന് മര്‍ദ്ദിച്ചിട്ടാണെങ്കിലും കുഞ്ഞിനെ കൊണ്ടുപോകുമെന്നും പറയുന്നത് കേള്‍ക്കാനാകും. അവസാനം നിമിഷവും ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ റീമ ശ്രമിച്ചിരുന്നുവെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
നേരത്തേ റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്തുവന്നിരുന്നു. ഇതില്‍ തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ അമ്മ പ്രേമയുമെന്നാണ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആത്മഹത്യാകുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണവും വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോകുമെന്ന് റീമ ഭയപ്പെട്ടിരുന്നതായും സംഭാഷണത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ഇനിയും വരും അടി നടത്തേണ്ടതാണെങ്കില്‍ അടിക്കുകയും ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നുണ്ട്.
ശനിയാഴ്ച അര്‍ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് റീമയുടെ കുഞ്ഞിന്റെ സംസ്‌കാരം നടന്നത്. 2015ലാണ് കമല്‍രാജും റീമയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ റീമ പൊലീസില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ പോയി സംസാരിക്കാമെന്ന് റീമ അഭ്യര്‍ത്ഥിക്കുന്നതും ജീവനുള്ളിടത്തോളം കുഞ്ഞിനെ നിങ്ങളുടെ കൂടെ വിടില്ലെന്ന് റീമ പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് മനസിലാകും. മാത്രവുമല്ല അങ്ങനൊരു സാഹചര്യം വന്നാല്‍ കുഞ്ഞിനെയും കൊണ്ട് താന്‍ മരിക്കുമെന്ന് റീമ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭര്‍ത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചു. നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ല', തുടങ്ങിയ കാര്യങ്ങളും റീമ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.