-->
ജന്മം കൊണ്ട് മലയാളിയായ, കരിയറിന്റെ തുടക്കം മലയാളസിനിമയില്‍ കുറിച്ച്, പിന്നീട് ബോളിവുഡിന്റെ സൂപ്പര്‍താരനിരയിലേക്ക് ഉയര്‍ന്ന അഭിനേത്രിയാണ് വിദ്യാ ബാലന്‍. സൗന്ദര്യത്തിനും ബോഡി ഷേപ്പിനും ക്യൂട്ട്നസിനും അപ്പുറം ആരാധകരുടെ മനസ്സിലേക്ക് കഴിവിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമായി വളര്‍ന്ന അഭിനേത്രി. സ്ലിം ബ്യൂട്ടികൾ അടക്കിവാഴുന്ന ബോളിവുഡിൽ വിദ്യാ ബാലനെന്ന അഭിനേത്രിയുടെ ഉയര്‍ച്ചയും കഥാപാത്രങ്ങളുടെ സ്വാധീനവും അമ്പരപ്പിക്കുന്നതായിരുന്നു.
ബോഡി ഷെയ്മിങ് നേരിട്ടപ്പോഴും സ്വന്തം ശരീരം അങ്ങനെ തന്നെ സ്നേഹിച്ച് നിലനിര്‍ത്തി മുന്നേറിയ വിദ്യ ഇന്ന് ബോഡി പോസിറ്റിവിറ്റിയുടെ മുഖമാണ്. കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിദ്യ. വ്യത്യസ്തമായ കഥാപാത്രങ്ങളും കാമ്പുള്ള സ്ത്രീപക്ഷ സിനിമകളും ചെയ്ത് വിദ്യ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ്. തന്റെ സിനിമായാത്രയെക്കുറിച്ച് നിറചിരിയോടെ വിദ്യ പങ്കിടുമ്പോള്‍ കൈയടിയോടെയും ആരാധനയോടെയുമാണ് ആരാധകരും സദസ്സും ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് വിദ്യാ ബാലന്‍. പല്ലുതേയ്ക്കാതെ വന്ന നടനൊപ്പം അത്തരമൊരു സീൻ ചെയ്യേണ്ടി വന്നതിനേക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. അഭിനയിക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോയെന്നും അത്തരം ഉപദേശങ്ങള്‍ അഭിനേതാക്കള്‍ക്ക് നല്‍കാനുണ്ടോ എന്ന ചോദ്യത്തിനോടാണ് വിദ്യ പ്രതികരിച്ചത്.
‘‘സാധാരണ നിലയില്‍ നടിമാർ പല്ല്, മൂക്ക്, അടിസ്ഥാന ശുചിത്വം എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കും. ചിലർ ഗന്ധത്തെക്കുറിച്ചുപോലും ബോധവാന്മാരായിരിക്കും. എന്നാല്‍, ഇതു പറയുമ്പോള്‍ എനിക്ക് മറ്റൊരു സംഭവം ഓർമയിലേക്ക് വന്നു.
ഒരിക്കല്‍ ചൈനീസ് ഭക്ഷണം കഴിച്ച ശേഷം പല്ലുതേയ്ക്കാതെ വന്ന ഒരു നടനൊപ്പം എനിക്ക് ഇന്റിമേറ്റ് സീൻ ചെയ്യേണ്ടിവന്നു. ഞാൻ എന്റെ മനസില്‍ ആലോചിച്ചു, ‘ഇയാള്‍ക്കുമുണ്ടാവില്ലേ ഒരു പങ്കാളി’, എന്ന്. ഞാൻ അയാള്‍ക്ക് മിന്റ് നല്‍കാനൊന്നും പോയില്ല. പുതിയ ആളായതിനാല്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു...’’ ചിരിച്ചുകൊണ്ട് വിദ്യാ ബാലൻ പറഞ്ഞു. വിദ്യാ ബാലന്റെ ചിരിച്ചു കൊണ്ടുള്ള തുറന്നു പറച്ചില്‍ നിറഞ്ഞ കൈയടിയോടെയും പൊട്ടിച്ചിരിയോടെയുമാണ് സദസ്സ് ഏറ്റെടുത്തത്. ദ് ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ അനുപമ ചോപ്രയുമായുള്ള സംവാദത്തിലാണ് വിദ്യയിത് പറഞ്ഞത്.
സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവവും വിദ്യാ ബാലന്‍ പങ്കുവച്ചു. അദ്ദേഹം ശരിക്കുമൊരു ബഹുമാനിക്കേണ്ട മനുഷ്യനാണെന്നാണ് വിദ്യ പറഞ്ഞത്. പരിണീതയിൽ അഭിനയിച്ചപ്പോള്‍ ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുമ്പോൾ സഞ്ജയ് ദത്ത് തന്നെ എങ്ങനെ ആശ്വസിപ്പിച്ചുവെന്നും വിദ്യാ ബാലന്‍ പങ്കുവച്ചു.
‘‘എന്നാല്‍ മറ്റൊരിക്കല്‍ സഞ്ജയ് ദത്തിനൊപ്പം ഇന്റിമേറ്റ് സീൻ ചെയ്യുന്ന ഒരു സിനിമ വന്നു. അദ്ദേഹം രാവിലെ എന്റെ അടുത്ത് വന്ന് ‘വിദ്യാ, എനിക്ക് ശരിക്കും ടെൻഷൻ ആണ്, നമ്മൾ ഇത് എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല’ എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ചിന്തിച്ചത്, ‘ഇത് സഞ്ജയ് ദത്ത് അല്ലേ, അദ്ദേഹത്തിന് എല്ലാ വിധത്തിലും ഇത് ടെൻഷൻ ആണെന്ന് എന്നോട് പറയുന്നു, എനിക്ക് അത് എതിർക്കാൻ കഴിഞ്ഞില്ല. പക്ഷേ അത് അദ്ദേഹത്തിന്റെ ഉദാരതയായിരുന്നു.
സഞ്ജയ് ടെന്‍ഷന്‍ ആണെന്ന് ഉറപ്പാക്കിയത്, എന്റെ മനസ്സിലെ ഭാരം കുറച്ചു, കാരണം അത് എന്റെ ആദ്യത്തെ ഇന്റിമേറ്റ് സീൻ ആയിരുന്നു. എനിക്ക് എന്റെ വഴി അറിയില്ലായിരുന്നു. ഇങ്ങനെയൊരു എക്പോഷര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഒരു ഭാഗം തുറന്നു കാട്ടുന്നതു പോലെയാണ്. പക്ഷേ സഞ്ജയ് ദത്തിന്റെ വാക്കുകള്‍ എന്റെ ടെന്‍ഷന്‍ കുറച്ചു, ആശ്വാസം തന്നു. ഞാൻ ഒരിക്കലും മറക്കില്ലാത്ത ഏറ്റവും വലിയൊരു കാര്യം എന്താണെന്ന് വച്ചാല്‍ ആ ദിവസത്തിലെ ഷൂട്ട് കഴിഞ്ഞ്, അദ്ദേഹം എന്റെ വാതിലില്‍ മുട്ടി വിളിച്ചു ചോദിച്ചത്, ‘ആര്‍ യു ഒക്കെ?’ എന്നാണ്. ഞാൻ പറഞ്ഞു, ‘ഉറപ്പായും..’ എന്ന്. എന്റെ നെറ്റിയിൽ ചുംബിച്ചിട്ട് സഞ്ജയ് ദത്ത് തിരികെ പോയി. അതുകൊണ്ടാണ് സഞ്ജയ് ദത്ത് എന്നും സഞ്ജയ് ദത്ത് ആകുന്നത്...’’ വിദ്യാ ബാലന്‍ പറഞ്ഞു.