Saturday, March 14, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 12.42 PM

ഖത്തറിലെ ജയിലില്‍ കിടക്കുന്നത് 650 മലയാളികള്‍ ; ഇവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ജന്തര്‍മന്ദറില്‍

uploads/news/2025/07/792746/prison.jpg

ന്യൂഡല്‍ഹി: ഖത്തറിലെ ജയിലില്‍ കിടക്കുന്ന മലയാളികളെ ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്ദറില്‍ മലയാളികളുടെ പ്രതിഷേധം. വിവിധ കാരണങ്ങളായി വര്‍ഷങ്ങളായി ഖത്തറിലെ ജയിലില്‍ കിടക്കുന്ന 650 മലയാളികളും മറ്റുള്ള ഇന്ത്യാക്കാരുമായുള്ളവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള എംപിമാരും പ്രതിഷേധത്തിലുണ്ട്.

കേരളത്തിലുള്ളവര്‍ ഉള്‍പ്പെടെ 700 ഇന്ത്യാക്കാരാണ് ഖത്തറിലെ ജയിലില്‍ വിവിധ കാരണങ്ങളായി കിടക്കുന്നതെന്നും ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്നുമാണ് കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ആവശ്യം. ഇവരെ സ്വതന്ത്രരാക്കണമെന്നല്ല പകരം ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റണമെന്നുമാണ് കുടുംബാംഗങ്ങളുടെ ആവശ്യം. കുറ്റവാളികളെ കൈമാറാന്‍ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഈ കരാര്‍പ്രകാരം കാര്യങ്ങള്‍ നടത്താനും അവരെ ഇന്ത്യയിലെ ജയിലില്‍ പാര്‍പ്പിക്കാനും വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നുമാണ് ആവശ്യം. 2015 ല്‍ ഇന്ത്യയും ഖത്തറും ഇത്തരം കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഈ സാഹചര്യം ഉപയോഗിക്കണമെന്നുമാണ് ആവശ്യം. പാകിസ്താനും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ അവരുടെ നാട്ടുകാരായ തടവുകാരെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇന്ത്യാക്കാര്‍ക്ക് വേണ്ടി രാജ്യം ഒരു ഇടപെടലും നടത്തുന്നില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.

വിസാത്തട്ടിപ്പിന് ഇരയായവര്‍, ചതിക്കിരയായി കുറ്റവാളികളാക്കപ്പെട്ടവര്‍ തുടങ്ങി ദശകങ്ങളായി ഖത്തറിലെ ജയിലില്‍ കഴിയുന്നവരുണ്ട്. അവരെ കാണാനെങ്കിലും പറ്റുമല്ലോ എന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യം കൂടി പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇവര്‍ക്കൊപ്പം ജന്തര്‍മന്ദറിലെ പ്രതിഷേധത്തിലേക്ക് കേരളത്തിലെ എംപിമാരും എത്തിയിട്ടുണ്ട്.

ഹൈബിഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംകെ പ്രേമചന്ദ്രന്‍, ഷാഫി പറമ്പില്‍ എന്നിവരും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെടണം എന്നാണ് ആവശ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW