-->
ഗാർഹിക പീഡനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന ചർച്ചാ വിഷയം. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, നിരന്തരമുള്ള ഉപദ്രവം കാരണം ആത്മഹത്യ ചെയ്തു എന്നിങ്ങനെയുള്ള വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വരുന്നു. വിവാഹബന്ധങ്ങളിലെ പീഡനം സഹിക്കാതെ സ്ത്രീകൾ ബന്ധം ഉപേക്ഷിക്കാൻ ധെെര്യം കാണിക്കണമെന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. ഇതിനിടെ നടി സ്നേഹ ശ്രീകുമാർ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'ഈ കാലത്തും പെൺകുട്ടികൾ ഇങ്ങനെ സഹിച്ചു കഴിഞ്ഞു അവസാനം മരണത്തിലേക്ക് എത്തുന്നത് എന്തുകൊണ്ട്, ചിന്തിക്കേണ്ട കാര്യമാണ്. പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് മാറിപോന്നാൽ സമൂഹത്തിൽ നിന്ന് ഉണ്ടാകുന്ന ചോദ്യങ്ങളും പരിഹാസങ്ങളും, സ്വന്തം വീട്ടിലുള്ളവർക്ക് നാണക്കേടാകും എന്ന ചിന്ത ഇതിലുമൊക്കെ കൂടുതൽ ആണ് സ്നേഹം കൊണ്ട് വിട്ടുപോരാൻ പറ്റാതെ നിൽക്കുന്നത്. എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ തുടർന്ന് പോകുന്നത്'
എല്ലാം ശരിയാക്കാൻ ശ്രമിക്കാം, പക്ഷെ ആ ശ്രമം ഒരുവട്ടം പരാജയപ്പെട്ടാൽ ധൈര്യമായി നമ്മളെ മാനസികമായും ശാരീരികമായും തളർത്തുന്ന സാഹചര്യത്തിൽ നിന്ന് പുറത്തുവരാൻ തയ്യാറാകണം.. തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേർത്തുപിടിച്ചു അവൾ ജീവിതത്തിൽ ജയിക്കുന്നത് കാണുകയാണ് പെൺകുട്ടികളുടെ കുടുംബം ചെയ്യേണ്ടത്'
വർഷങ്ങളായി സഹിച്ചു ജീവിച്ച മകളെ രക്ഷപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതല്ലേ. 18വയസാകുമ്പോൾ വിവാഹം അല്ല വേണ്ടത്, നല്ല പഠിപ്പും ജോലിയുമാണ് എന്ന് ഇനി എന്നാണ് നമ്മുടെ സമൂഹം തിരിച്ചറിയുന്നത്. പെൺകുട്ടികളോടാണ്, ധൈര്യമായി പറയാനുള്ളത് പറയണം, അതിനെ അഹങ്കാരമെന്നോ തന്റെടമെന്നോ ആര് വിളിച്ചാലും നമ്മുടെ ജീവിതം സന്തോഷം ആക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്’ സ്നേഹ ശ്രീകുമാര്‍ കുറിച്ചു.