-->
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ അപ്പാനി ശരത്ത് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. വിട പറയുന്നത് ശരീരം മാത്രമാണെന്നും വിഎസ് ഉയര്‍ത്തിപ്പിടിച്ച വ്യക്തതയുളള ആശയങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നും കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമെന്നും അപ്പാനി ശരത് കുറിക്കുന്നു. വിഎസിനൊപ്പം വേദി പങ്കിട്ടതിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
അപ്പാനി ശരത്തിന്റെ കുറിപ്പ് :
ഒരാള്‍ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തില്‍ ഓര്‍ക്കപ്പെടണമെങ്കില്‍ അയ്യാള്‍ ഉണ്ടാക്കിയ ഓര്‍മ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികള്‍ 'കണ്ണേ കരളേ' എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേര്‍ക്കണമെങ്കില്‍ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്‌നേഹിച്ചിരിക്കണം.. ബഹുമാനിച്ചിരിക്കണം...ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമിവിടെ... കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ..കാരണം ഇത് വി.സ് ആണ്.. പുന്നപ്ര വയലാറിലെ മൂര്‍ച്ചയുള്ള വാരിക്കുന്തം.. അതിനെക്കാള്‍ മൂര്‍ച്ചയുള്ള നിലപാടിന്റെ നേരര്‍ത്ഥം... എന്റെ മകന്‍ ആരോപിതന്‍ ആണെങ്കില്‍ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം..അരിവാള് മാത്രം തപ്പി വോട്ടിങ്‌മെഷീനില്‍ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ.... ഒരു ജനതയുടെ
ഒരേ ഒരു VS... ലാല്‍ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക... ഇനി വിശ്രമം.