-->
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ ഹാസനും. പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല’ മോഹന്‍ലാല്‍ കുറിച്ചു.
‘അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായ വി എസ് അച്യുതാനന്ദൻ ഇപ്പോൾ വിശ്രമത്തിലാണ്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യൂണിസ്റ്റ് ഐക്കണുമായ അദ്ദേഹം ഒരിക്കലും വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. കേരളത്തിനും ഇന്ത്യയ്ക്കും ഒരു യഥാർത്ഥ ജനകീയ ചാമ്പ്യനെ നഷ്ടപ്പെട്ടു. വിട, സഖാവേ’ എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്.
V. S. Achuthanandan - a torchbearer for the neglected - now rests.Former Chief Minister of Kerala, a freedom fighter, and a Communist icon, he never stopped fighting for the forgotten.Kerala, and India, has lost a true people's champion.Farewell, Comrade.— Kamal Haasan (@ikamalhaasan) July 21, 2025
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 3.20 ഓടെയാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ മരിച്ചത്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.