-->
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) “Empowering Your Journey – Social and Emotional Learning എന്ന പേരിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വിദഗ്ധയും പ്രമുഖ മീഡിയ എഡുക്കേറ്ററുമായ ഡോ. ശ്രുതി ഗോയൽ പഠന ക്ലാസ്സിന് നേതൃത്വം നൽകി. ഡൽഹി സർവകലാശാലയിൽ മഹാരാജ അഗ്രസെൻ കോളജിലെ ജേർണലിസം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ശ്രുതി . നിരവധി അക്കാദമിക് ജേർണലുകളിൽ ഗവേഷണ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മബോധവും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്ന വർക്ക്‌ഷോപ്പുകളും സെഷനുകളും സംഘടിപ്പിക്കുന്നതിൽ മുൻനിരക്കാരിയായ അവർ ഇന്ത്യയിലേയും വിദേശത്തിലേയും വിവിധ യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് സ്പീക്കറായി പ്രസംഗിച്ചിട്ടുണ്ട് .
ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി (തൊഴിൽ, കമ്മ്യൂണിറ്റി വെൽഫെയർ, വിസ, OCI) & ഐസിബിഎഫ് കോഓർഡിനേറ്റിങ് ഓഫീസറായ ഡോ. ഈഷ് സിങാൾ മുഖ്യ അതിഥിയായി പങ്കെടുത്തു. ഡോ. ശ്രുതി, വിദേശത്തുള്ള ഇന്ത്യക്കാരുടെ ജീവിതയാത്രയെ കൃത്യവും ഹ്രസ്വവുമായി അവതരിപ്പിച്ചു.
സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യവും, സാമൂഹ്യ സേവനത്തിന്റെ ഗുണഫലങ്ങളും അവർ വിശദീകരിച്ചു – അതേസമയം സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം വ്യക്തികളിൽ ഉണ്ടാക്കുന്ന ദുസ്വാധീനവും ദൂഷ്യ വശങ്ങളും അവർ വിശദീകരിച്ചു.
ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷതവഹിച്ചു.അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, എന്നിവർ സംസാരിച്ചു.
എം.സി അംഗം നീലാംബരി അതിഥിയായ ഡോ. ശ്രുതിയെ പരിചയപ്പെടുത്തി. ഐ.സി.സി. ജനറൽ സെക്രെട്ടറിയും അൽ സാൽമിയ സിമന്റ് കമ്പനി ജനറൽ മാനേജരുമായ എബ്രഹാം ജോസഫിനെ ചടങ്ങിൽ വെച്ച് ഐ.സി.ബി.എഫ്. മാനേജ്‌മന്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷാനവാസ് ബാവ മെമന്റോ നൽകി ആദരിച്ചു. ഐ.സി.ബി.എഫ്. ഓഫീസ് പരിസരത്തെ നടപ്പാത ഇഷ്ടിക പാകുന്നതിന് അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചായിരുന്നു ആദരം.ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും
സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.
എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, മിനി സിബി, ഖാജാ നിസാമുദ്ദീൻ, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ നേതൃത്വം നൽകി.വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും കമ്മ്യൂണിറ്റി നേതാക്കളും സാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറക്കൽ