-->
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കാന്താര രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുര്‍ത്തിയായ സന്തോഷം പങ്കുവെച്ച് റിഷഭ് ഷെട്ടി. പാക്കപ്പ് വീഡിയോ പങ്കുവെച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും റിഷഭ് ഷെട്ടി പങ്കുവെച്ചു. മൂന്നു വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിംഗ് ആണ് ഒടുവില്‍ അവസാനിച്ചിരിക്കുന്നത്. ' കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
'എന്റെ വലിയൊരു സ്വപ്നമാണ്, നമ്മുടെ മണ്ണിന്റെ കഥ ലോകത്തോട് പറയണമെന്ന്. നമ്മുടെ നാട്, നമ്മുടെ നാട്ടുകാര്‍, നമ്മുടെ വിശ്വാസങ്ങള്‍.... ഞാനത് സാക്ഷാത്കരിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ ആയിരങ്ങള്‍ എന്റെ കൂടെ കൈകോര്‍ത്തു. മൂന്നു വര്‍ഷങ്ങളായുള്ള പരിശ്രമം, 250 ഷൂട്ടിംഗ് ദിനങ്ങള്‍. എത്ര കഷ്ടപ്പെട്ടുവെങ്കിലും ഞാന്‍ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല. എന്റെയൊപ്പമുള്ളവരും എന്റെ നിര്‍മാതാക്കളും എന്റെ നട്ടെല്ലായി കൂടെനിന്നു. ഓരോ ദിവസവും സെറ്റില്‍ ആയിരകണക്കിന് ആളുകളെ കാണുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് ഒരു കാര്യമാണ്. ഇത് കേവലമൊരു സിനിമയല്ല. ഇതൊരു ശക്തിയാണ്. കാന്താരയുടെ പ്രപഞ്ചത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം,' റിഷഭിന്റെ വാക്കുകളിങ്ങനെ.
റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റിഷഭ് തന്നെ. കാന്താരയില്‍ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് കാന്താര 2 പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്‌നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. 2025 ഒക്ടോബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.