Tuesday, March 17, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 03.22 PM

' ആ സിനിമയ്ക്ക് ശേഷം സിജു മലയാളത്തിലെ പുതിയ ആക്ഷന്‍ ഹീറോ ആകുമെന്ന് വിചാരിച്ചു, വലിയ വിഷമമുണ്ട്' ; വിനയന്‍

that, would

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിലെ മുന്‍നിര നടന്മാരുടെ കൂട്ടത്തിലേക്ക് സിജു വില്‍സണ്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊത്ത കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്താത്തതില്‍ വിഷമമുണ്ടെന്നും സംവിധായകന്‍ വിനയന്‍. ചിത്രത്തിനുണ്ടായ വലിയ വിജയത്തിനുശേഷം സിജു മലയാളത്തിന്റെ പുതിയ ആക്ഷന്‍ ഹീറോയായി മാറുമെന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും വിനയന്‍ വെളിപ്പെടുത്തി. സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ' ഡോസി' ന്റെ ലോഞ്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഒരുപാട് പുതിയ ആളുകളെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. അന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാന്‍സ്ഫര്‍മേഷന്‍ പക്ഷേ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോള്‍ ഷര്‍ട്ട് ഊരി എന്നെയൊന്നു കാണിക്കാന്‍ സിജുവിനോട് ആവശ്യപ്പെട്ടു. വളരെ സ്ലിം ആയൊരു ശരീരമായിരുന്നു.

ആറുമാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു. മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ആ ലുക്കിലെത്തി. അതാണ് ട്രാന്‍സ്ഫര്‍മേഷന്‍. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്. അതു മാത്രമല്ല, ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടില്‍ ഇതിനു മുമ്പ് ചെയ്തിട്ടുളളത് സൂപ്പര്‍താരങ്ങള്‍ മാത്രമാണ്. അങ്ങനെയുളളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരന്‍ ഈ വേഷം ചെയ്ത് ജനങ്ങളുടെ കയ്യടി മേടിച്ചത്. ഒരു നടനെന്ന നിലയുളള സിജുവിന്റെ ഗ്രാഫിന്റെ ഉയര്‍ച്ച കൂടിയായിരുന്നു ആ വേഷം.

ആ സിനിമയും കഥാപാത്രവും വലിയ ചര്‍ച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാന്‍ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടത്തില്ല, കയ്യില്‍നിന്നു പോകും ഭയങ്കര ആക്ഷന്‍ ഹീറോയായി മലയാളത്തില്‍ മാറുമെന്നാണ്. എന്തുകൊണ്ടോ ഉണ്ടായില്ല. അതാണ് സിജൂ, സിനിമ. അഭിനയിക്കാനും ട്രാന്‍സ്ഫര്‍മേഷന്‍ നടത്താനും മാത്രമല്ല, സിനിമയില്‍ സെല്‍ഫ് മാര്‍ക്കറ്റിങും അവിടെ നില്‍ക്കാനുമൊക്കെയായി ചില തന്ത്രങ്ങള്‍ വേണം. ഇത്ര വലിയൊരു സംഭവം ചെയ്തിട്ടും, ആ ചെയ്ത പരിശ്രമത്തിനനുസരിച്ചുളള വാക്കുകളോ വാര്‍ത്തകളോ ഒന്നും വന്നില്ല. എനിക്കു വലിയ വിഷമമുണ്ട്. അതിനും ഞാന്‍ തന്നെ വേണമെന്ന് ഇപ്പോള്‍ ചിന്തിക്കുകയാണ്, സിജുവിനു വേണ്ടി അതിലും വലിയൊരു സിനിമയുമായി വന്നിരിക്കും. അതിനൊരു പദ്ധതിയുണ്ട്, അത് വലിയൊരു സിനിമ തന്നെയാകും' , വിനയന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW