Thursday, March 12, 2026 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 10.58 AM

ഇതൊരിക്കലും ഒരു സഹായമല്ല, എന്റെ കടമയാണ്; പാട്ടെഴുതി കിട്ടിയ മുഴുവന്‍ തുകയും നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നല്‍കി ശിവകാര്‍ത്തികേയന്‍

sivakarthikeyan

മലയാളത്തിലും തമിഴകത്തും ഒട്ടേറെ ആരാധകരുളള നടനാണ് ശിവകാര്‍ത്തികേയന്‍. അഭിനേതാവ് എന്നതിലുപരി ഗായകനായും ഗാനരചയിതാവായും നടന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ പരിപാടിയുടെ അവതാരക ശിവകാര്‍ത്തികേയനെക്കുറിച്ച് വെളിപ്പെടുത്തിയ ഒരു കാര്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയല്‍ വൈറലാകുന്നത്.

സിനിമയ്ക്കുവേണ്ടി പാട്ടെഴുതിക്കിട്ടിയ മുഴുവന്‍ തുകയും അദ്ദേഹം അകാലത്തില്‍ അന്തരിച്ച ഗാനരചയിതാവ് നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നല്‍കി എന്നാണ് പുറത്തുവന്നിരിക്കുന്നത്. നാ. മുത്തുകുമാര്‍സ് 50 ഇയേഴ്‌സ് എന്ന ചടങ്ങില്‍വെച്ചാണ് അവതാരക ശിവകാര്‍ത്തികേയനെക്കുറിച്ച് അധികമാരും അറിയാത്ത കാര്യം പറഞ്ഞത്. ഇക്കാര്യം വേദിയില്‍ വെച്ചു തന്നെ ശിവകാര്‍ത്തികേയനും സ്ഥിരീകരിച്ചു.

സംവിധായകന്‍ നെല്‍സണാണ് പാട്ടെഴുതാന്‍ തന്നോട് ആദ്യം ആവശ്യപ്പെടുന്നതെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. അന്നെഴുതിയത് ജോളി മൂഡിലുളള ഒരു പാട്ടായിരുന്നു. അതിന്റെ വരികള്‍ക്ക് പ്രത്യേകിച്ച് അര്‍ഥമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ ഉദ്യമത്തിന് ഒരര്‍ഥമുണ്ടാകണമെന്ന് കരുതിയിരുന്നു. അതുകൊണ്ട് പാട്ടെഴുതി കിട്ടുന്ന ശമ്പളം നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നല്‍കണമെന്ന് കരുതി.

ഇതൊരിക്കലും ഒരു സഹായമല്ല, ഇത് എന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകര്‍ക്കും താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും ആരാധകര്‍ക്കുമെല്ലാം നാ. മുത്തുകുമാര്‍ ബാക്കി വെച്ചിട്ടുളളത് മനോഹരമായ കവിതകളാണ്. ഇതിന് പകരമായി ചെയ്യുന്ന കടമയാണ് ഇപ്പോള്‍ ഞാന്‍ ചെയ്തത്. ഒരു ആദരമാണിത്.

നാ. മുത്തുകുമാർ സാർ, നിങ്ങളെ തമിഴ് സിനിമയും സം​ഗീതസംവിധായകരും ​ഗായകരും ഏറെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിനും അതുപോലെ തന്നെയാണ്. നിങ്ങളെപ്പോലെ എഴുതാൻ കഴിവുള്ളവർ ഇനി ജനിക്കുമോയെന്ന് സംശയമാണ്. ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു. തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് ​ഗാനങ്ങളെഴുതിയ നാ. മുത്തുകുമാർ 2016-ലാണ് അന്തരിച്ചത്.

ആയിരത്തിലധികം പാട്ടുകള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, പയ്യ, അഴകിയ തമിഴ് മകന്‍, യാരഡീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകള്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW