-->
പട്‌ന ആശുപത്രിയിലെ സിസിടിവിയില്‍: തോക്കുമായി 5 പേര്‍, ആശുപത്രിയില്‍ ഒരു കൊലയാളി വെടിയേറ്റ് മരിച്ചു ഡസന്‍ കണക്കിന് കൊലപാതക കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി ചന്ദന്‍ മിശ്ര, മെഡിക്കല്‍ കാരണങ്ങളാല്‍ പരോളില്‍ പുറത്തിറങ്ങി.
പട്‌ന: ഇതൊരു സിനിമയല്ല. ഇത് ബീഹാറിന്റെ ഭയാനകമായ യാഥാര്‍ത്ഥ്യമാണ്. അഞ്ച് ആയുധധാരികള്‍ ഒരു ബീഹാര്‍ ആശുപത്രിയില്‍ കയറി രോഗിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടു. ആശുപത്രിയിലെ സിസിടിവി ക്യാമറകളില്‍ അഞ്ച് വെടിവെപ്പുകാര്‍ തോക്കുകള്‍ പുറത്തെടുത്ത് ക്യാബിന്റെ വാതില്‍ തുറന്ന് വരാന്തയിലൂടെ വരുന്നതിന്റെയും കൃത്യം നടത്തിയിട്ട് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞു.
ഡസന്‍ കണക്കിന് കൊലപാതക കേസുകളുള്ള കൊടും കുറ്റവാളിയായ മിശ്രയാണ് കൊല്ലപ്പെട്ടത്. എതിര്‍ഗ്യാംഗിന്റെ പ്രതികാരമാണ് സംഭവമെന്ന് കരുതുന്നു. പട്‌നയിലെ പരസ് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു വെടിവെയ്പ്പ് നടന്നത്. വെടിയേറ്റ ചന്ദന്‍ മിശ്ര ചികിത്സയ്ക്കിടെ മരിച്ചു. അനേകം കേസുകളില്‍ പ്രതിയായ മിശ്ര മെഡിക്കല്‍ കാരണങ്ങളാല്‍ പരോളില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.
മിശ്ര പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി കൊലപാതകങ്ങള്‍ക്ക് കാരണമായ ബീഹാര്‍ തലസ്ഥാനത്തെ ക്രമസമാധാന നില ആശുപത്രി വെടിവയ്‌പ്പോടെ വീണ്ടും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അടുത്തിടെ കൊല്ലപ്പെട്ടവരില്‍ ബിസിനസുകാരായ ഗോപാല്‍ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കെവാട്ട്, അഭിഭാഷകന്‍ ജിതേന്ദ്ര മഹാതോ എന്നിവരും ഉള്‍പ്പെടുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് മാസങ്ങള്‍ക്ക് മാത്രം മുന്നില്‍ നില്‍മക്ക പ്രതിപക്ഷമായ ആര്‍ജെഡിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരെ ഇതൊരു ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ആക്രമണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ വന്‍ പരാജയമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
'സര്‍ക്കാര്‍ പിന്തുണയുള്ള കുറ്റവാളികള്‍ ഐസിയുവില്‍ അതിക്രമിച്ച് കയറി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിയെയാണ് വെടിവെച്ചു കൊന്നിരിക്കുന്നത്. ബീഹാറില്‍ എവിടെയെങ്കിലും ആരെങ്കിലും സുരക്ഷിതരാണോ? 2005 ന് മുമ്പ് ഇത് സംഭവിച്ചിട്ടുണ്ടോ?' യാദവ് ചോദിച്ചു. അതേസമയം കുറ്റവാളികളെ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ ഉറപ്പ് നല്‍കി. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കും, കുറ്റവാളിയെ വെറുതെ വിടില്ല. കുറ്റവാളിയെ പിടികൂടി കര്‍ശനമായി ശിക്ഷിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.'