-->
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച്, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലെ ഹാസ്യ വേഷത്തില്‍ അഭിനയിച്ചു തുടങ്ങിയ താരം മികച്ച സ്വഭാവ വേഷങ്ങളിലേക്ക് മാറിയതോടെ കൈയടിക്കും പകിട്ട് കൂടി. കോമഡി റോളുകളിലൂടെ തുടങ്ങിയ താരം കാരക്ടർ റോളുകളിലൂടെയാണ് തിളങ്ങി നില്‍ക്കുന്നത്. സാജൻ ബേക്കറി, ലവ് അണ്ടർ കണ്‍സ്ട്രക്ഷൻ, കേരള ക്രൈം ഫയല്‍സ്, സ്താനാർത്തി ശ്രീക്കുട്ടൻ, പറന്ത് പോ തുടങ്ങിയ പ്രൊജക്ടുകളിലൂടെ അജു എന്ന നടനെ പ്രേക്ഷകർ കൂടുതല്‍ അറിഞ്ഞു.
ഇപ്പോഴിതാ പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പങ്കിടുകയാണ് അജു വര്‍ഗീസ്. ‘‘സര്‍വ്വം മായ :...’’ എന്ന ക്യാപ്ഷന്‍ നല്‍കി അജു പങ്കിട്ട പോസ്റ്ററില്‍ ത്രോബാക്ക് ചിത്രവും പങ്കുവച്ചിട്ടുണ്ട്. പഴയ നിവിന്‍ പോളിയെയും അജു വര്‍ഗീസിനെയും പോസ്റ്ററില്‍ കാണാം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.
ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരില്‍ ഏറെ കൗതുകമുണർത്തിയിരുന്നു. സെക്കൻഡ് ലുക്ക് ആകട്ടെ മണ്ണിന്റെ മണമുള്ളൊരു ഫീലിംഗ് നല്‍കുന്നുണ്ട്. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററില്‍ കാണാം. പ്രീതി മുകുന്ദൻ ആണ് ചിത്രത്തിലെ നായിക.
നിവിന്‍ പോളിയും ഏറെ സന്തോഷത്തോടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ‘‘15 വർഷത്തെ പ്രണയവും ചിരിയും ഞങ്ങളുടെ തിരക്കഥയില്ലാത്ത സൗഹൃദവും...വളരെ സവിശേഷമായ ഒരു ചിത്രത്തിനായി എന്റെ പങ്കാളിയുമായി വീണ്ടും...സർവ്വം മായ തന്നെ! അല്ലേ അളിയാ...സർവം മായ...2025 ക്രിസ്മസ് റിലീസ്!...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നിവിന്‍ പോളി സെക്കന്റ് ലുക്ക് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. ‘അതെ അളിയാ...’ എന്നാണ് ഈ പോസ്റ്റിന് അജു വർഗീസ് കമന്റ് ചെയ്തിരിക്കുന്നത്.
നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിൻ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സർവ്വം മായ.
ഇരുവരെയും കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അല്‍ത്താഫ് സലീം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതമൊരുക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.