-->
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതിന് പിന്നാലെയാണ് കാറിന്റെ വില കൂട്ടിയതെന്നതാണ് റിപ്പോർട്ട്.
ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഓട്ടോമാറ്റിക് ഹൈ ബീം, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ ADAS ഫീച്ചറുകളും വാഹനത്തിലുണ്ട്. 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുള്ള ഈ വലിയ വാഹനം ഇലക്ട്രിക് മോട്ടോറുമായി വരുന്നതിനാല്‍ തന്നെ 184 bhp കരുത്തില്‍ പരമാവധി 188 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
പ്രീമിയം എംപിവിയുടെ പുതുക്കിയ വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നോവ ഹൈക്രോസിന്റെ എന്‍ട്രി ലെവല്‍ മോഡലുകളായ GX 7S, GX 8S എന്നിവയുടെ വിലയില്‍ മാറ്റമില്ല. ഇതില്‍ GX 7 സീറ്ററിന്റെ വില 19.94 ലക്ഷം രൂപയാണ്. അതേസമയം GX 8 സീറ്ററിന് 19.99 ലക്ഷം രൂപയുമാണ് വില. പരിഷ്‌കാരത്തിന് ശേഷം ഇന്നോവ ഹൈക്രോസിന്റെ വില 19.94 ലക്ഷം രൂപ മുതല്‍ 31.49 ലക്ഷം രൂപ വരെയായി. എക്‌സ്‌ഷോറൂം വിലകളാണ് ഇവ. ഹൈക്രോസിന്റെ GX(O) 7S, GX(O) 8S വേരിയന്റുകള്‍ക്ക് ഇനി 11,000 രൂപ അധികം കൈയ്യില്‍ കരുതണം. ഇന്നോവ ഹൈക്രോസിന്റെ മറ്റ് എല്ലാ വേരിയന്റുകള്‍ക്കും 15,000 രൂപയാണ് കൂടിയിരിക്കുന്നത്.