-->
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം സന്നദ്ധസംഘടന അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് ചോരുന്നു എന്ന് ആരോപിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി രംഗത്തെത്തിയത് വലിയ വിവാദമായി. സുധിയുടെ മൂത്ത മകന്‍ കിച്ചു പങ്കുവെച്ച ഒരു വീഡിയോ പുറത്തുവന്നതോടുകൂടി രേണുവിന്റെകുടുംബവും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്നും വീട് അലങ്കോലപ്പെട്ടും ഒട്ടും വൃത്തിയില്ലാത്ത നിലയിലാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ രേണുവിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ വീട് വയ്ക്കാന്‍ സ്ഥലം കൊടുത്ത ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ പ്രതികരണവുമായി എത്തി.
സുധിയുടെ രണ്ട് മക്കളുടെ പേരിലാണ് താന്‍ സ്ഥലം നല്‍കിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ലെന്നും അധ്വാനിക്കാന്‍ ആരോഗ്യമുളളവരാണ് അവരെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു. അവശത അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്കോ അറിയപ്പെടുന്നവര്‍ക്കോ സഹായം ചെയ്യാന്‍ തനിക്ക് ഇനി ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് മൃദുല ദേവി. ''സുധിയുടെ മക്കള്‍ക്ക് വീട് വയ്ക്കുവാന്‍ സ്ഥലം കൊടുത്ത ബിഷപ്പ് വായിച്ചറിയുവാന്‍ എഴുതുന്നത്'' എന്ന ആമുഖത്തോടെയാണ് മൃദുല ദേവി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്്.
മൃദുല ദേവിയുടെ വാക്കുകള്‍:
ലിയോ ടോള്‍സ്റ്റോയിയുടെ ' സ്‌നേഹമുള്ളിടത്ത് ദൈവം ഉണ്ടാകുന്നു' എന്ന കഥ ഞാന്‍ താങ്കളെ ഒന്ന് ഓര്‍മ്മിപ്പിക്കുന്നു. കഥയില്‍ ഞാന്‍ ഇന്ന് നിന്റെ ചെരുപ്പുകടയില്‍ എത്തുമെന്ന് ഒരുവനോട് ദൈവം സ്വപ്നത്തില്‍ വന്നു പറയുന്നു.അടുത്ത ദിവസം രാവിലെ മുതല്‍ അവന്‍ ദൈവത്തെ നോക്കിയിരുന്നു. ദൈവം എത്തിയില്ല.രാത്രിയില്‍ ഉറങ്ങും മുന്‍പ് അവന്‍ ദൈവത്തോട് ചോദിച്ചു അങ്ങ് എന്തുകൊണ്ട് വന്നില്ല.ഞാന്‍ ഏറെനേരം അങ്ങയെ കാത്തിരുന്നു.അപ്പോള്‍ ദൈവം അവനോടു പറഞ്ഞു
'ഞാന്‍ രാവിലെ മഞ്ഞു കോരാന്‍ വന്നപ്പോള്‍ നീയെനിക്ക്ചൂട് ചായയും ഭക്ഷണവും തന്നു.തണുപ്പത്ത് ഒരു സ്ത്രീയും കുഞ്ഞും ആ വഴി പോയപ്പോള്‍ അവര്‍ക്കു നീ സഹായം നല്‍കി ആപ്പിള്‍ മോഷ്ടിച്ച കുട്ടി നിനക്കരുകില്‍ എത്തിയപ്പോള്‍ നീ ചേര്‍ത്ത് നിര്‍ത്തി.ഞാന്‍ വന്നിരുന്നു നീയെനിക്ക് വേണ്ട ഉപചാരങ്ങള്‍ നല്‍കി.'
ഈ കഥ ബിഷപ്പ് ഒന്ന് മനസ്സിരുത്തി വായിക്കണം.അനാവശ്യ സദാചാര ഭയം താങ്കളെ വല്ലാതെ അലട്ടുന്നുണ്ട്.അതുകൊണ്ട് തന്നെ താങ്കള്‍ക്ക് നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.
പ്രിയ ബിഷപ്പ്,
താങ്കള്‍ സുധിയുടെ മക്കള്‍ക്ക് സ്ഥലം നല്‍കി.ഏറെ ബഹുമാനിക്കുന്നു.കയ്യടിക്കുന്നു.അതു സ്വീകരിച്ചതുകൊണ്ട് നട്ടെല്ല് കുനിച്ചു ആ കുടുംബം താങ്കള്‍ക്ക് ഏറാന്‍ മൂളി സദാസമയവും നില്‍ക്കണമെന്ന് ആഗ്രഹിക്കരുത്.ഇടയ്ക്ക് താങ്കള്‍ ' ഞാന്‍ നല്ല തറവാട്ടില്‍ പിറന്നയാളാണ് ' എന്നൊരു പാരമ്പര്യം പറയുന്നുണ്ടായിരുന്നു.അന്ന് ഞാന്‍ ഒന്നെഴുതണം എന്ന് വിചാരിച്ചതാണ് പിന്നെയും താങ്കളുടെ ആത്മീയ സ്ഥാനത്തെ ബഹുമാനിച്ചും,ആ സ്ഥലം താങ്കള്‍ നല്‍കാന്‍ കാണിച്ച മനുഷ്യത്വവും ഓര്‍ത്തു മിണ്ടിയില്ല.ബിഷപ്പ് ആയ താങ്കള്‍ എന്തിനാണ് തറവാട്ട് മഹിമയായ പാരമ്പര്യവാദത്തില്‍ കടിച്ചു തൂങ്ങുന്നത് ഒരുവന്‍ ബിഷപ്പ് ആകുമ്പോള്‍ അത്തരം എല്ലാ ലൗകിക ആലോചനകളില്‍ നിന്നും കൂടി മുക്തി നേടേണ്ടതുണ്ട്.
താങ്കളില്‍ ഒരു അടിപൊളി പീലാത്തോസ് ഒളിഞ്ഞിരിപ്പുണ്ട്.ഇടയ്ക്ക് രേണുവിനെതിരെ പറയും അതിന്റെ ചൂട് ആറുന്നതിനു മുന്‍പ് പാട്ടുപാടി പ്രാര്‍ത്ഥിക്കുന്ന ആത്മീയ കുടുംബമാണ് രേണുവിന്റെത് എന്നും പറയും.ഒന്നുമില്ലെങ്കിലും ഒരു ബിഷപ്പ് അല്ലേ.ഒന്ന് ഉറച്ചു നില്‍ക്കു.
റിയാക്ഷന്‍ വിഡിയോക്കാരും,ബില്‍ഡറും കേരളത്തിലെ സദാചാരവാദികളും കൂടി തലങ്ങും വിലങ്ങും നിന്ന് ആക്രമിച്ചപ്പോള്‍ സഹികെട്ടാണ് ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങുന്നത് എന്ന് ആ പെണ്‍കുട്ടിക്ക് പറയേണ്ടി വന്നത്..അപ്പോള്‍ താങ്കള്‍ വീണ്ടും ചുവടു മാറ്റി.അവള്‍ അവിടെ നിന്നും ഇറങ്ങിയാല്‍ താങ്കള്‍ കാരണം ആവും എന്നുള്ള പേര് കിട്ടും എന്ന് ഭയന്ന് 'പൊതുസമൂഹമേ ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ചു പറയുന്നു എന്നെ നിങ്ങള്‍ കുറ്റം വിധിക്കരുത്.രേണു ആ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഞാന്‍ നിയമനടപടി നല്‍കും ' എന്ന് താങ്കള്‍ പറയുന്ന വീഡിയോ പുറത്തു വന്നു.
താങ്കള്‍ എന്തിനാണ് പൊതു സമൂഹത്തെ ഇത്രയും ഭയക്കുന്നത്. എന്തിനാണ് സ്വന്തം മുഖം മിനുക്കുവാന്‍ ശ്രമിക്കുന്നത്.ആര്‍ജവമുള്ള സമൂഹം താങ്കള്‍ക്കൊപ്പം നില്‍ക്കും.ട്രെന്‍ഡിനൊത്ത് വീഡിയോ ഇട്ട ബില്‍ഡര്‍ വിചാരിച്ചത് ജനം രേണുവിനെ വിചാരണ ചെയ്ത് തല്ലിക്കൊന്നോളും എന്നാണ്.പക്ഷെ അവിടെനിന്നും അവര്‍ മുന്നോട്ടു പോയി വീടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരുന്ന അവര്‍ ചെന്ന് വീട് ശരിയാക്കി കൊടുത്തു.ഇത് ചെയ്യാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ബില്‍ഡര്‍ ആദ്യം ഒരു വീഡിയോ ഇട്ട് പ്രഹസനം നടത്തിയത്.
ബിഷപ്പിനെപ്പോലെ,ബില്‍ഡറെ പോലെ രാഷ്ട്രീയ ബലവും,സംഘബലവും ജനസമ്മതിയുമുള്ള മനുഷ്യര്‍ അവള്‍ക്കെതിരെ വീഡിയോ ഇട്ടപ്പോള്‍ ഇവിടുത്തെ സദാചാര സമൂഹം അവളെയും കുടുംബത്തെയും വലിച്ചു കീറുകയായിരുന്നു.ആ കുടുംബത്തിന് എന്തെങ്കിലും പറ്റിയാല്‍ താങ്കള്‍ക്കും അതിന് ഉത്തരവാദിത്തം ഉണ്ട്.
രേണു എവിടെ താമസിക്കണം എന്ന് അവള്‍ തീരുമാനിക്കും.ബിഷപ്പ് അല്ല തീരുമാനിക്കുന്നത്.അവള്‍ക്കെതിരെ അതിന്റെ പേരില്‍ നിയമനടപടിക്ക് പോയാല്‍ അതോടെ ലോകം തീരില്ല എന്ന് തന്നെ പറയുന്നു.ബിഷപ്പിന്റെ വരച്ച വരയില്‍ രേണുവിനെ നിര്‍ത്താന്‍ നോക്കുന്ന ഏത് ശ്രമവും ഞങ്ങള്‍ ' നല്ല തറവാട്ടില്‍ പിറക്കാത്തവര്‍ ' ചെറുക്കുക തന്നെ ചെയ്യും.
അനാഥരുടെയും,വിധവകളുടെയും കൂടെയാണ് യേശു നിലകൊള്ളുന്നത് മറിച്ച് അന്ത : പ്പുരങ്ങളിലും,അരമനകളിലുമല്ല കാലിത്തൊഴുത്തില്‍ ജനിച്ച , നഗ്‌നപാദനായി കടല്‍തീരത്തു കൂടി സാധാരണക്കാര്‍ക്കൊപ്പം നടന്ന യേശു ക്രിസ്തു ബിഷപ്പിന്റെയും,ബില്‍ഡറിന്റെയും കൂടെ യല്ല ഈ വിഷയത്തില്‍ അകാലത്തില്‍ വിധവയായ രേണുവിന്റെയും,അച്ഛന്‍ നഷ്ടപ്പെട്ട സുധിയുടെ മക്കളുടെയും കൂടെയെ നിലകൊള്ളുകയുള്ളു.അതാണ് യേശുവിനെ യേശുവാക്കിയതും.
കാലഘട്ടത്തെ എ ഡി യും ബി സി യും ആയി തിരിച്ച,ഏഴ് എഴുപത് വട്ടം ക്ഷമിക്കണം എന്ന് പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ വചനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന താങ്കള്‍ ദാനം വാങ്ങേണ്ടി വന്ന മനുഷ്യരെ ഔദാര്യം പറ്റികളായി കണക്കാക്കാതിരിക്കുക.ഇടയ്ക്ക് ടോള്‍സ്റ്റോയിയുടെ ഞാന്‍ മുകളില്‍ പറഞ്ഞ 'സ്‌നേഹം ഉള്ളിടത്ത് ദൈവം ഉണ്ടാകുന്നു 'എന്ന കഥ കൂടി വായിക്കുക. കരുണാമയനായ ക്രിസ്തുവിനെ താങ്കള്‍ താങ്കള്‍ക്ക് നഷ്ടപ്പെടുത്താതിരിക്കുക.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.!