-->
കൊല്ലം: ഷാര്‍ജയില്‍ യുവതിയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരേ കേസെടുത്തു. കോട്ടയം പനച്ചിക്കാട് പൂവന്‍ത്തുരുത്ത് വലിയവീട്ടില്‍ നിതീഷിനെതിരേയാണു കേസ്. കൊല്ലം കേരളപുരം ചന്ദനത്തോപ്പ് രജിതഭവനില്‍ മണിയന്‍-ഷൈലജ ദമ്പതികളുടെ മകള്‍ വിപഞ്ചിക (33) യെയും ഒന്നര വയസുകാരിയായ മകള്‍ വൈഭവിയെയുമാണ് ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹത ആരോപിച്ച് വിപഞ്ചികയുടെ മാതാവ് ഷൈലജ നല്‍കിയ പരാതിയിലാണ് നിതീഷിനെ ഒന്നാം പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തത്.
നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മൂന്നാം പ്രതിയുമാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് വിപഞ്ചികയെയും മകളെയും ഷാര്‍ജയിലെ അല്‍ നഹ്ദയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. രണ്ടു മൃതദേഹങ്ങളും ഒരേ കയറിന്റെ രണ്ടറ്റത്താണു കാണപ്പെട്ടത്. ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി ഫ്‌ളാറ്റിലെത്തി വിളിച്ചപ്പോള്‍ കതക് തുറന്നില്ല. ഇതോടെ മറ്റൊരു ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നിതീഷിനെ വിവരമറിയിച്ചു. നിതീഷെത്തി കതക് പൊളിച്ച് അകത്തുകടന്നപ്പോഴാണ് വിപഞ്ചികയെയും മകളെയും മരിച്ച നിലയില്‍ കണ്ടതെന്നു പറയുന്നു. ഷാര്‍ജയിലുള്ള ബന്ധുവാണു വിവരം നാട്ടില്‍ അറിയിച്ചത്.
കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ മകളെ കൊലപ്പെടുത്തി വിപഞ്ചിക അത്മഹത്യ ചെയ്തതാണെന്ന വാദം വിപഞ്ചികയുടെ കുടുംബം തള്ളി. തുടര്‍ന്ന് മാതാവ് ഷൈലജ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിയും നല്‍കി.
വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും കാണാതായത് അന്വേഷിക്കണമെന്നും പരാതിയിലുണ്ടായിരുന്നു. നിതീഷും സഹോദരി നീതുവും ചേര്‍ന്ന് തന്റെ മകളെ പീഡിപ്പിച്ചിരുന്നതായി ഷൈലജ ചൂണ്ടിക്കാട്ടുന്നു. വിപഞ്ചികയും നിതീഷും ഒരുവര്‍ഷമായി അകല്‍ച്ചയിലാണ്. അടുക്കാന്‍ നിതീഷ് ശ്രമിച്ചപ്പോഴെല്ലാം നീതുവും പിതാവ് മോഹനനും ചേര്‍ന്ന് തടഞ്ഞു. സ്വന്തം കുഞ്ഞിനെ സ്‌നേഹിക്കാന്‍പോലുംനിതീഷിനെ നീതു അനുവദിച്ചില്ലെന്നാണ് ഷൈലജയുടെ ആരോപണം. നീതുവും വിപഞ്ചികയെ മര്‍ദിച്ചിട്ടുണ്ട്. തന്നെ ഉപദ്രവിക്കരുതെന്ന് നീതുവിന്റെ ഭര്‍ത്താവിനെ വിളിച്ച് വിപഞ്ചിക കാലുപിടിച്ച് അപേക്ഷിച്ചിരുന്നു. എന്നാല്‍ ആരും തടഞ്ഞില്ലെന്ന് ഷൈലജ പറയുന്നു.
വിപഞ്ചികയുടെ പിതാവ് മണിയന്‍ വീട്ടില്‍നിന്ന് അകന്നു കഴിയുകയാണ്. ഷൈലജയാണു വിപഞ്ചികയെയും സഹോദരന്‍ വിനോദിനെയും വളര്‍ത്തിയത്. മികച്ച മാര്‍ക്കോടെ വിപഞ്ചിക എം.ബി.എ. നേടിയിരുന്നു. എന്‍ജിനീയറായ വിനോദ് കാനഡയിലാണ്. 2020 നവംബറിലാണ് വിപഞ്ചികയും നിതീഷും തമ്മിലുള്ള വിവാഹം നടന്നത്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗം മാനേജരായി ജോലി ലഭിച്ചതോടെയാണു വിപഞ്ചിക അവിടേക്കു പോയത്. നിതീഷ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ്. ഇയാളുടെ കൊടിയ പീഡനം സഹിക്കാന്‍ കഴിയാതെയാണു വിപഞ്ചിക കടുംകൈ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവുമായുള്ള വിഷയങ്ങള്‍ വിപഞ്ചിക നാട്ടില്‍ അറിയിച്ചിരുന്നില്ല. മരണശേഷം സാമൂഹികമാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണ് പീഡന വിവരങ്ങള്‍ എല്ലാവരും അറിഞ്ഞത്.
വിപഞ്ചികയുടെ മരണശേഷം നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് മായ്ച്ചു കളഞ്ഞയായും പറയുന്നു. എന്നാല്‍ അതിന് മുമ്പുതന്നെ സുഹൃത്തുക്കളും വിനോദിന്റെ ഭാര്യാസഹോദരിയും കുറിപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികള്‍ നിതീഷും നീതുവും മോഹനനുമാണെന്നു വിപഞ്ചിക കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്.
വിവാഹം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാര്‍ നല്‍കിയില്ല എന്നൊക്കെ പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കി വിട്ടതിനെത്തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കേണ്ടി വന്നതായും കുറിപ്പില്‍ പറയുന്നു.
കാന്‍സര്‍രോഗ ബാധിതയായ ഷൈലജയുടെ ചികിത്സയ്ക്കിടെയാണ് നാട്ടില്‍ ദുരന്തവാര്‍ത്ത എത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍പ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. വിവാഹമോചനത്തിന് നോട്ടിസ് അയച്ചതോടെയാണ് വിപഞ്ചിക കടുംകൈ ചെയ്തതെന്നും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ഷൈലജ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, യു.എ.ഇ. ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേരള മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്കു പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ 17 ന് നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരന്‍ വിനോദ് ഷാര്‍ജയിലേക്കു തിരിച്ചിട്ടുണ്ട്.