Thursday, March 12, 2026 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 10.44 AM

യൂത്ത്‌കോണ്‍ഗ്രസിനെതിരേ താന്‍ പറഞ്ഞ വിമര്‍ശനം സദുദ്ദേശപരം ; പ്രതികരിച്ച് പി.ജെ കുര്യന്‍

uploads/news/2025/07/790978/pj-kurian.jpg

പത്തനംതിട്ട: യൂത്ത്‌കോണ്‍ഗ്രസിനെതിരേ താന്‍ പറഞ്ഞ വിമര്‍ശനം സദുദ്ദേശപരമെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും പി.ജെ. കുര്യന്‍. ഇന്നലെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പി.ജെ. കുര്യന്‍ മാധ്യമങ്ങളെകണ്ടു. സമരത്തില്‍ മാത്രം േകന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം. 25 പേരെങ്കിലുമുള്ള കമ്മറ്റിയെ കണ്ടുപിടിച്ച് കൊണ്ടുവരണമെന്നും നേതാക്കളുടെ പിന്തുണയോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞു.

എസ്എഫ്‌ഐ യുടെ സമരം കണ്ടല്ലോ എന്ന് നടത്തിയ പ്രതികരണത്തില്‍ ദുരുദ്ദേശപരമായി ഒന്നുമില്ല. അത് ആരേയെങ്കിലും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചുളള കാര്യമല്ല. സമരവും മാര്‍ച്ചും ഒക്കെ നടത്തുമ്പോള്‍ ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വരും. എന്നാല്‍ അത് പ്രധാനമല്ല. ടിവിയ്ക്കും സോഷ്യല്‍മീഡിയയ്ക്കും പുറത്ത് 40 ശതമാനം പേരുണ്ട്. അവരെ ആര് അഡ്രസ് ചെയ്യുമെന്നും പിജെ കുര്യന്‍ ചോദിച്ചു. ഇക്കാര്യം താന്‍ മുമ്പും ഡിസിസിയില്‍ പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി ഫോറങ്ങളില്‍ അവസരം കിട്ടുമ്പോള്‍ ഇനിയും പറയുമെന്നും പറഞ്ഞു.

ടിവിയില്‍ കാണുന്നതല്ല പ്രധാനം. ഒരു ബൂത്തില്‍ രണ്ടു ചെറുപ്പക്കാര്‍ പോലും യൂത്ത്‌കോണ്‍ഗ്രസിനില്ല. അത് പരിഹരിക്കേണ്ടത് യൂത്ത് േകാണ്‍ഗ്രസിന്റെ ചുമതലയാണ്. തങ്ങള്‍ക്ക് അക്കാര്യത്തില്‍ ഇടപെടാനാകില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനാകും. അക്കാര്യം നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മിന് ശക്തമായ കേഡര്‍ ഉള്ളപ്പോള്‍ കോണ്‍ഗ്രസ് അങ്ങിനെയുള്ള പാര്‍ട്ടിയല്ല. പക്ഷേ സിപിഎമ്മിന്റെ ഗുണ്ടായിസത്തിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ള ചെറുപ്പക്കാര്‍ മുമ്പോട്ട് വരേണ്ടതുണ്ട്.

രാഹുല്‍ മാങ്കുട്ടത്തെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. സമരത്തില്‍ പോലീസിന്റെ അടി കൊള്ളുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ അത് മാത്രം പോര. അഗ്രസ്സീവ് എന്ന് പറയുന്നത് ഫിസിക്കല്‍ അഗ്രസീവ്‌നെറ്റിനെ കുറിച്ചല്ല താന്‍ പറഞ്ഞത്. മറിച്ച് ഇന്റലക്ച്വല്‍ അഗ്രസീവാണ് ഉദ്ദേശിച്ചത്. താനും യൂത്ത്‌കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമരങ്ങളും നടത്തിയിട്ടുണ്ട്. അന്ന് സമരം അക്രമാസക്തമാകാതെ ആയിരുന്നു നോക്കിയത്. അക്രമാസക്തമാകുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് അടികിട്ടുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും പറഞ്ഞു.

കേന്ദ്രമന്ത്രിയും ഡപ്യൂട്ടിചെയര്‍മാനുമൊക്കെയായി ഇരുന്നയാളാണ്. താന്‍ ഇവിടെ വന്ന് താമസിക്കുന്നത് കോണ്‍ഗ്രസിനെ സഹായിക്കാനാണ്. യൂത്ത്‌കോണ്‍ഗ്രസിന് എന്നും പിന്തുണ നല്‍കുന്ന നേതാവാണ് താനെന്നും പറഞ്ഞു. ഒരു പഞ്ചായത്തില്‍ 25 പേരെയെങ്കിലും ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും തിരിച്ചടിയാകും. യൂത്ത്‌കോണ്‍ഗ്രസാണ് ഇതിന് മുന്‍കൈയ്യെടുക്കുന്നതെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW