-->
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക്‌ലിസ്റ്റിനെതിരേ സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കേരളസിലബസില്‍ പഠിച്ചവരും നിയമത്തിന്റെ വഴിയേ. പുതുക്കിയ കീം റാങ്ക്‌ലിസ്റ്റിനെതിരേ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ആദ്യംപ്രഖ്യാപിച്ച റാങ്ക്‌ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ പുതുക്കിയ പ്രോസ് പെക്ടസിനെതിരേ സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.
ഇതോടെ ഏറെ പിന്നില്‍ പോയ കേരളസിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്. ഇവരെ സര്‍ക്കാര്‍ പിന്തുണച്ചേക്കാനും സാധ്യതയുണ്ട്. നേരത്തേ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഴയ മാനദണ്ഡത്തില്‍ പുതിയ റാങ്ക്‌ലിസ്റ്റ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായിരുന്നു. സിംഗിള്‍ ബഞ്ചിന് പുറകേ ഡിവിഷന്‍ ബഞ്ചും വിധിച്ചതോടെ സമയക്കുറവിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമനടപടിക്ക് പോകേണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ ഇല്ലാതാക്കിയ പ്രോസ്‌പെക്ടസ് പ്രകാരമുള്ള നടപടിയാകാമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. എന്നാല്‍ പുതുക്കിയ റാങ്ക്‌ലിസ്റ്റില്‍ ആദ്യത്തെ 100 റാങ്കില്‍ കേരളാസിലബസില്‍ 21 പേരേ ഉള്‍പ്പെട്ടിട്ടുള്ളൂ.
ജൂലൈ 10 ന് പുതുക്കിയ കീം എന്‍ട്രന്‍സ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ആദ്യറാങ്ക്‌ലിസ്റ്റില്‍ നിന്നും പലരും ഒരുപാട് താഴേയ്ക്ക് പോകുകയും ചെയതിരുന്നു. ഇതോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. പഴയ റാങ്ക്‌ലിസ്റ്റില്‍ ആദ്യ 100 ല്‍ കേരളാസിലബസില്‍ പഠിച്ച 43 കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നു. കീം റാങ്ക്‌ലിസ്റ്റില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയതെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.