-->
കൊച്ചി: പുതിയ ഏകീകരണഫോര്‍മുല അവതരിപ്പിച്ച കേരള എഞ്ചിനിയറിങ് പ്രവേശനവുമായി (കീം) ബന്ധപ്പെട്ട കീം ഫലം ഹൈകോടതി റദ്ദാക്കി. സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച മാര്‍ക്ക് ഏകീകരണ ഫോര്‍മുല കോടതി റദ്ദാക്കി. ഇത് കേരളസിലബസില്‍ പഠിക്കുന്ന കുട്ടികളെ സഹായിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. പ്രോസ്‌പെക്ടസില്‍ വരുത്തിയ മാറ്റം റദ്ദാക്കി.
സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുന്ന ഇടപെടല്‍ നടത്തിയിരിക്കുന്നത് ദിനേശ്കുമാര്‍ സിംഗ് അദ്ധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ്. പ്രേസ്‌പെക്ടറസില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും ഇക്കാര്യം എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ല എന്നും ചോദിച്ച് രണ്ടു സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റാങ്ക് പുനക്രമീകരിക്കേണ്ടി വരും.
സ്‌റ്റേറ്റ് സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് പരിഷ്‌ക്കാരമെന്നും ഇവര്‍ ആരോപിച്ചിരുന്നു. കീം റാങ്ക്‌ലിസ്റ്റ് പുനക്രമീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രവേശനത്തിന്റെ അന്തിമഘട്ടത്തിലാണ് കോടതി ഇടപെടല്‍. റാങ്ക്‌ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കേ കഴിഞ്ഞയാഴ്്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. 76,530 പേരായിരുന്നു യോഗ്യത നേടിയിരുന്നത്. തമിഴ്നാട് മോഡല്‍ മാര്‍ക്ക് ഏകീകരണമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയത്.
കേരള സിലബസില്‍ പ്ലസ് ടുവില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത കുട്ടികള്‍ക്ക് പോലും ഏകീകരണത്തില്‍ മാര്‍ക്ക് നഷ്ടമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്തായിരുന്നു നിലവിലെ ഏകീകരണം. ഹനാഫാത്തിമയാണ് ഇക്കാര്യത്തില്‍ ആദ്യം ഹര്‍ജി നല്‍കിയത്. പിന്നാലെ മറ്റൊരു ഹര്‍ജി കുടി വരികയായിരുന്നു.